
പാലക്കാട് : രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിലെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കോലം കത്തിക്കല്‍ പ്രതിഷേധത്തിനിടെ അപകടം. അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാഷ്ട്രപതി ഭവന്‍ മാർച്ചിനെ തുടര്‍ന്നാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതിനിടെയായിരുന്നു അപകടം.
പാലക്കാട് കോലം കത്തിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുണ്ടിന് തീ പിടിക്കുകയായിരുന്നു. തീ പടർന്ന മുണ്ടുമായി പൊലീസുകാർക്കിടയിലേക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ഓടിക്കയറിയത്. ഉടനെ മുണ്ട് ഊരിയെറിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭാ കൗൺസിലറുമായ പി എസ് വിബിനാണ് ചെറിയ രീതിയിൽ പൊള്ളലേറ്റത്.
മറ്റ് നാല് കോൺഗ്രസ് പ്രവർത്തകരുടെ വസ്ത്രത്തിലും തീ പിടിച്ചിരുന്നു. സുൽത്താൻ പേട്ട് റോഡ് ഉപരോധത്തിനിടെയുള്ള പ്രവര്‍ത്തകരുടെ ആവേശം അപകടത്തിലേക്ക് നയിച്ചത്. ഒടുവില്‍ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.
സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ഇതുവരെ ചോദിച്ചത് 55 ചോദ്യങ്ങൾ; രാഹുലും പുറത്തിറങ്ങി
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ (National Herald Case) കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാളെയും തുടരും എന്നാണ് വിവരം. നാളെത്തെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നോട്ടീസ് നൽകിയതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. സോണിയ ഗാന്ധിയോട് ഇതുവരെ 55 ചോദ്യങ്ങളാണ് ചോദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാഹുൽ ഗാന്ധിയോട് ചോദിച്ച അതെ വിവരങ്ങളാണ് സോണിയ ഗാന്ധിയോടും തേടിയതെന്നാണ് ഇഡി വ്യത്തങ്ങൾ അറിയിക്കുന്നത്. അതേസമയം ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അതേസമയം, ആറ് മണിക്കൂറിന് ശേഷം രാഹുൽ ഗാന്ധി പുറത്തിറങ്ങി.
സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ചുള്ള രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. വിജയ് ചൗക്കില്‍ മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു കസ്റ്റഡി. രാഹുലിനൊപ്പം മറ്റ് എംപിമാരേയും പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി. എഐസിസി ആസ്ഥാനവും സംഘര്‍ഷഭരിതമായി. മനോവീര്യം തകര്‍ക്കാൻ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. തൊഴിലില്ലായ്മ ജിഎസ് ടി തുടങ്ങിയ വിഷയങ്ങളിൽ ചോദ്യം ചോദിക്കരുതെന്നാണ് കേന്ദ്ര നിലപാടെന്നും രാഹുൽ കസ്റ്റഡിയിലിരിക്കെ ട്വീറ്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam