Asianet News MalayalamAsianet News Malayalam

പൊലീസ് കസ്റ്റഡിയിൽ വിലക്കയറ്റവും അഗ്നിപഥും ചർച്ച ചെയ്ത് കോൺഗ്രസ്; മനോവീര്യം തകർക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി

സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ചുള്ള  രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിലായത്

Rahul Gandhi led congress leaders discuss inflation Agnipath and other issues in Police custody
Author
Delhi, First Published Jul 26, 2022, 5:43 PM IST

ദില്ലി: പൊലീസ് കസ്റ്റഡിയിൽ ഇരുന്ന് വിലക്കയറ്റവും ജി എസ് ടി നിരക്കും അഗ്നിപഥും രൂപയുടെ മൂല്യ തകർച്ചയും ചർച്ച ചെയ്ത് കോൺഗ്രസ് നേതാക്കൾ. രാഹുൽ ഗാന്ധിയും അമ്പതോളം എം പിമാരും ആണ് കസ്റ്റഡിയിലുള്ളത്. മനോവീര്യം തകർക്കാനാവില്ലെന്നാണ് കസ്റ്റഡിയിലിരുന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. തൊഴിലില്ലായ്മ ജിഎസ് ടി തുടങ്ങിയ വിഷയങ്ങളിൽ ചോദ്യം ചോദിക്കരുതെന്നാണ് കേന്ദ്ര നിലപാടെന്നും രാഹുൽ ഗാന്ധി കുറിച്ചു. 

സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ചുള്ള  രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിലായത്. വിജയ് ചൗക്കില്‍ മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിലാണ് രാഹുല്‍ ഗാന്ധിയെ  കസ്റ്റഡിയിലെടുത്തത്. രാഹുലിനൊപ്പം മറ്റ് എംപിമാരേയും ബലപ്രയോഗത്തിലൂടെ നീക്കി. എ ഐ സി സി ആസ്ഥാനവും സംഘര്‍ഷ ഭരിതമായി. മനോവീര്യം തകര്‍ക്കാൻ കേന്ദ്ര സര്‍ക്കാരിന് സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പ്രതികരിച്ചു. 

പാര്‍ലമെന്‍റില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടങ്ങിയത്. അന്വേഷണ ഏജന്‍സികളെ  കേന്ദ്രം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റത്തില്‍ ചര്‍ച്ച അനുവദിക്കുന്നില്ലെന്നും അടക്കമുള്ള പരാതിയുമായാണ് രാഷ്ട്രപതിയെ കാണാന്‍ പ്രതിഷേധ മാര്‍ച്ചായി എംപിമാര്‍  നീങ്ങിയത്. 

പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നിരോധനമുള്ള വിജയ് ചൗക്കില്‍ മാര്‍ച്ച് ദില്ലി പോലീസ് തടഞ്ഞു. എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് ബലപ്രയോഗത്തിലൂടെ എംപിമാരെ നീക്കാൻ ശ്രമിച്ചു. കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍ തുടങ്ങിയ എംപിമാരെ പൊലീസ് വലിച്ചഴച്ച് കസ്റ്റഡിയിലെടുത്തു. പിന്നാലെ രാഹുൽ ഗാന്ധിയുടെ ഒറ്റയാള്‍ പ്രതിഷേധം നടന്നു.

റോഡിലിരുന്ന് പോലീസ് നടപടിക്കെതിരെ രാഹുല്‍ ഗാന്ധി പ്രതിഷേധം അറിയിച്ചു. കസ്റ്റഡിയിൽ എടുക്കുകയാണെന്ന് അറിയിച്ചിട്ടും പ്രതിഷേധത്തില്‍ നിന്ന് പിന്മാറാത്ത രാഹുൽ ഗാന്ധിയെയും ബലം പ്രയോഗിച്ച് നീക്കി. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ പിന്നീട് കിംഗ്സ് വേ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിജയ് ചൗക്കില്‍ രാഹുൽ ഗാന്ധിയെ അടക്കം കസ്റ്റഡിയിലെടുത്തതോടെ എ ഐ സി സിയില്‍ സമാധാനപരമായി പ്രതിഷേധിച്ച നേതാക്കളും പ്രവര്‍ത്തകരും പ്രകോപിതരായി. 

ബലപ്രയോഗത്തിലൂടെ പോലീസ് പ്രതിഷേധക്കാരെ കീഴടക്കി. തലമുടിക്ക് കുത്തി പിടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുതിര്‍ന്ന നേതാക്കളായ അജയ് മാക്കന്‍, പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരും സച്ചിന്‍ പൈലറ്റ് അടക്കമുള്ള മറ്റ് നേതാക്കളും പോലീസ് കസ്റ്റഡിയിലായി. വിലക്കയറ്റ വിഷയത്തില്‍ പാര്‍ലെമെന്‍റിലും, സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ പുറത്തും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. 
 

Follow Us:
Download App:
  • android
  • ios