വയനാടിനായി ആകെ പിരിച്ചുകിട്ടിയത് 1.05 കോടി രൂപ, തുക കെപിസിസിക്ക് കൈമാറാൻ തീരുമാനിച്ച് യൂത്ത് കോൺ​ഗ്രസ്

Published : Jan 08, 2026, 07:46 PM IST
Youth congress

Synopsis

വയനാട് പുനരധിവാസത്തിനായി യൂത്ത് കോൺഗ്രസ് സമാഹരിച്ച 1.05 കോടി രൂപ കെപിസിസിക്ക് കൈമാറാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

കൊച്ചി: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ക്കായി സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ കെപിസിസി ഭവന നിര്‍മാണ ഫണ്ടിലേക്ക് കൈമാറുമെന്ന് യൂത്ത് കോൺ​ഗ്രസ് അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം, ശബരിമല സ്വര്‍ണക്കൊള്ള, തൊഴിലില്ലായ്മ വിഷയങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനും സംഘടന തീരുമാനിച്ചു. പിഎസ്‌സിയെയും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനെയും നോക്കുകുത്തിയാക്കി താല്‍കാലിക ജീവനക്കാരെയും, ഓണറേറിയം അടിസ്ഥാനത്തിലും, കരാര്‍ അടിസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്നും നേതാക്കൾ അറിയിച്ചു. 

ജനുവരി 12ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറി, ശബരിമല സ്വര്‍ണക്കൊള്ള, തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സമരകാഹളം എന്ന പേരില്‍ യുവജന റാലി സംഘടിപ്പിക്കാനും ജനുവരി 14 ന് മകരജ്യോതി ദിനത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികളിലും വിശ്വാസ സംരക്ഷണ ജ്യോതി നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

കെപിസിസി ലക്ഷ്യ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളും, ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കുന്ന ക്യാമ്പ് എക്‌സിക്യൂട്ടീവ് തിരുവനന്തപുരത്തു നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ക്കും ഭാരവാഹികള്‍ക്കും ചുമതലകള്‍ നല്‍കും.

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന പേരുകള്‍ യൂത്ത് കോണ്‍ഗ്രസിന്റേതല്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് മാത്രമാണ് തീരുമാനിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് പറഞ്ഞു. വിവിധ സോഷ്യല്‍ സെക്ടറുകളിലെ ആളുകളുടെ പ്രാതിനിധ്യം നിയമസഭയില്‍ ഉറപ്പാക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച പാര്‍ട്ടി നേതൃത്വത്തെ പ്രമേയത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് അഭിനന്ദിച്ചു. മിഷന്‍ 2026ന് യൂത്ത് കോണ്‍ഗ്രസ് പിന്തുണയും പ്രഖ്യാപിച്ചു.

എറണാകുളം ഡിസിസിയില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗം കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി മനീഷ് ശര്‍മ, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാഗരവാഹികളായ അബിന്‍ വര്‍ക്കി, കെ എം അഭിജിത്, ഷംസീര്‍ അന്‍സാരി ഖാന്‍, ശ്രാവണ്‍ റാവു, ജിന്‍ഷാദ് ജിന്നാസ്, ശ്രീലാല്‍ ശ്രീധര്‍, പി എസ് അനു താജ്, വിഷ്ണു സുനില്‍ പന്തളം, അരിതാ ബാബു, സി വി പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി പുറംകടലിലെ കപ്പൽ അപകടം; 1227.62 കോടി രൂപ കെട്ടിവെച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി
മലമ്പുഴയിൽ അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം: റിമാൻഡിലുള്ള അധ്യാപകന്‍റെ പീഡനത്തിനിരയായത് നിരവധി വിദ്യാർത്ഥികൾ; കൂടുതൽ പരാതികൾ പുറത്ത്