
തൃശൂർ: മന്ത്രിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ തൃശൂർ ഡിസിസി അവഗണിക്കുകയാണെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദ്. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഒ ജെ ജനീഷ് മന്ത്രിയായത് ഇനിയും തൃശൂർ ഡിസിസി അറിഞ്ഞിട്ടില്ലെന്നാണ് ഫർസീൻ മജീദിന്‍റെ പരിഹാസം. അംഗീകരിക്കാനുള്ള പ്രയാസം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും അത് നാട്ടുകാരെ അറിയിക്കുന്നത് അല്പത്തരം ആണെന്നും ഫർസീൻ ഫേസ് ബുക്കിൽ കുറിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫർസീൻ.
ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അനിൽ അക്കരയ്ക്കും ചേമ്പർ ഓഫ് മുൻസിപ്പൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എം പി ജാക്സണും സ്വീകരണം നൽകുന്ന ചടങ്ങ് സംബന്ധിച്ച ഫ്ലക്സിന്‍റെ ചിത്രം പങ്കുവെച്ചാണ് ഫർസീന്‍റെ വിമർശനം. ഫ്ലക്സിൽ എവിടെയും മന്ത്രി ഒ ജെ ജനീഷിന്‍റെ ചിത്രമോ പേരോ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ടി എന്‍ പ്രതാപനും വി എം സുധീരനും ജോസഫ് ടാജറ്റുമെല്ലാമാണ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നത്.
'അതുകൊണ്ടാണ് ഇത്രയും വലിയ തരംഗം ഉണ്ടായിട്ടും തൃശൂർ ജില്ലയിൽ നിന്നും കോണ്‍ഗ്രസിന് മൂന്ന് എംഎൽഎമാർ മാത്രം ഉണ്ടായത്', 'എന്തുകൊണ്ട് തൃശൂരിൽ കോണ്‍ഗ്രസിന് വലിയ ജയം ഉണ്ടായില്ല എന്നതിന്‍റെ ഉത്തരം ഇതാണ്', 'ഡിസിസി പ്രസിഡന്‍റിന്‍റെ മനോനില പരിശോധിക്കണം', 'ടി എൻ പ്രതാപനെ എടുത്ത് കളയാതെ തൃശൂർ കോൺഗ്രസ് രക്ഷപ്പെടില്ല', 'കിളവന്മാർ എന്ന് ഈ പ്രസ്ഥാനം വിടുന്നോ അന്ന് തൃശൂർ നമ്മൾ കീഴടക്കും' എന്നെല്ലാമുള്ള കമന്‍റുകൾ പോസ്റ്റിന് താഴെ കാണാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam