കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺ​ഗ്രസ് നേതാക്കൾ

By Web TeamFirst Published Jan 3, 2021, 3:41 PM IST
Highlights

 ഗ്രൂപ്പിലെ ഇഷ്ടക്കാരെ തിരുകി കയറ്റാനായി പലരെയും വെട്ടി നിരത്തി. ഇത്  തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉന്നയിച്ചു.

പാലക്കാട്: കെപിസിസി  നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്സ് നേതാക്കാൾ . ഗ്രൂപ്പ് നേതാക്കളുടെ ഇഷ്ടക്കാർക്കായി സ്റ്റാറ്റസ് കോ ഉണ്ടാക്കിയത് തിരിച്ചടിയായതായി സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ  കുറ്റപ്പെടുത്തി. പാലക്കാട് മലമ്പുഴയിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിൽ ആണ് തദ്ദേശ  തെരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കളെ കുറ്റപ്പെടുത്തിയുള്ള പ്രതികരണങ്ങൾ യൂത്ത് കോൺ​ഗ്രസിൽ നിന്നുണ്ടായത്. 

നിയമ സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ, അർഹമായ പ്രാധാന്യം എന്ന ആവശ്യത്തിനു ഒപ്പം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് യുവനിര ഉന്നയിക്കുന്നത്. ഗ്രൂപ്പിലെ ഇഷ്ടക്കാരെ തിരുകി കയറ്റാനായി പലരെയും വെട്ടി നിരത്തി. ഇത്  തോൽവിയുടെ പ്രധാന കാരണങ്ങളിലൊന്നായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ ഉന്നയിച്ചു.

തൊട്ടുപിന്നാലെ അതിരൂക്ഷ വിമർശനങ്ങളുമായി മറ്റ് നേതാക്കളും രംഗത്ത് വന്നുഗ്രൂപ്പ് നേതാക്കളുടെ  കാറിൽ  കയറുന്നതും കാർ ഓടിക്കുന്നതും സ്ഥാനാർത്ഥിയാകാൻ യോഗ്യതയായി കാണുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് ചന്ദ്രൻ പറഞ്ഞു.

റിബലുകൾക്കെതിരെ നടപടിയെടുക്കുന്നതു പോലെ ജന വിരുദ്ധരെ സ്ഥാനാർത്ഥികളാക്കിയവർക്കെതിരെയും നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് യോഗത്തിൽ വിമർശനമുണ്ടായി.ചിലർ കെപിസിസി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ സീറ്റിനായി പണം ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായെന്ന് ആരോപണമുയ‍ർന്നു.

തെറ്റ് തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ തോൽവി ആയിരിക്കും കോൺഗ്രസിനെ കാത്തിരിക്കുകയെന്നും യുവനേതാക്കൾ വിമർശനം ഉയർത്തി. യൂത്ത് കോൺഗ്രസ് ചുമതലയുള്ള AICC അംഗം കൃഷ്ണ അല്ലവരു ഉൾപ്പെടെ ഉള്ള ക്യാമ്പിൽ ആണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉള്ള വിമർശനം എന്നത് ശ്രദ്ധേയം. 
 

click me!