
തിരുവനന്തപുരം: യുവത്വത്തിന് വിജയസാദ്ധ്യത കൂടുതലായതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രമുഖ യൂത്ത് കോൺഗ്രസ് - കെഎസ്‌യു നേതാക്കളെ പരിഗണിക്കണം എന്ന് ചെറിയാൻ ഫിലിപ്പ്. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഒ ജെ ജനീഷ് , വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ, വൈസ് പ്രസിഡണ്ട് അരിത ബാബു, ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി, കെ എം അഭിജിത്, കെഎസ്‌യു പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ട് ആൻ സെബാസ്റ്റ്യൻ തുടങ്ങിയവർക്ക് സീറ്റ് നൽകണം എന്നാണ് ചെറിയാൻ ഫിലിപ്പ് പറയുന്നത്. യൂത്ത് കോൺഗ്രസിൻ്റെ മറ്റു ഭാരവാഹികളിൽ പലരും സീറ്റിന് അർഹരാണെന്നും ഇതുവരെയും അവസരം ലഭിക്കാത്ത പ്രാദേശികമായി ജനസമ്മതിയുള്ള പഴയ യൂത്ത് കോൺഗ്രസ് - കെഎസ്‌യു നേതാക്കളെ അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ അധികാര കുത്തക അവസാനിപ്പിക്കുന്നതിന് തലമുറ മാറ്റം അനിവാര്യമാണ്. പുതുരക്തപ്രവാഹം നിലക്കാതിരിക്കുന്നതിന് യൂത്ത് കോൺഗ്രസ് - കെ.എസ്‌യു നേതാക്കളുടെ ഒരു നിരയെ നിയമസഭാ വേദിയിലേക്ക് ആനയിക്കണം. കോൺഗ്രസിൽ ഇന്നുള്ള പ്രമുഖ നേതാക്കളെല്ലാം യൂത്ത് കോൺഗ്രസ്-കെഎസ്‌യു കാലഘട്ടത്തിൽ സീറ്റ് ലഭിച്ചവരാണെന്നകാര്യം അവർ മറക്കരുത് എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്നലെ തീരുമാനിച്ചിരുന്നു. ഒ ജെ ജനീഷ്, ബിനു ചുള്ളിയിൽ, അബിൻ വർക്കി, കെ എം അഭിജിത്, ജിൻഷാദ് ജിന്നാസ്, ജോമോൻ ജോസ്, ജയഘോഷ് എന്നിവരെ യഥാക്രമം കൊടുങ്ങല്ലൂർ, ചെങ്ങന്നൂർ, ആറൻമുള, നാദാപുരം / കൊയിലാണ്ടി, അരൂർ, തൃക്കരിപ്പൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ മത്സരിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കാനാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ധാരണയായിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam