
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ജോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംഘർഷത്തിനിടെ രണ്ടു വനിതാ പ്രവർത്തകർ ഉള്‍പ്പെടെ 10 പേർ നഗരസഭ വളപ്പിലേക്ക് ചാടി കയറി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മുദ്രാവാക്യം വിളിച്ച് പിൻമാറുന്നതിനിടെ നഗരസഭ ഓഫീസിൻെറ പിന്നിലുള്ള ഗേറ്റിലൂടെ വീണ്ടും അകത്തേക്ക് കയറാൻ ശ്രമിച്ച സമരക്കാരെ പൊലീസ് തടഞ്ഞു. ഇതിനിടെ പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളമുണ്ടായി. പിന്നീട് പ്രവർത്തകർ പിരിഞ്ഞു പോയി. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായ നഗരസഭക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി കൗണ്‍സിലർമാർ മേയറുടെ ഓഫീസ് ഉപരോധിച്ചു.
അതേ സമയം,ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ മരിച്ച കരാർ തൊഴിലാളി ജോയിയുടെ അമ്മക്ക് പത്ത് ലക്ഷം രൂപ സംസ്ഥാന സർക്കാർ സഹായം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായം നൽകുക. ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് വെച്ച് നൽകുമെന്ന് മേയർ അറിയിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി സർക്കാർ അനുമതിയോടെയാകും വീട് നിർമ്മിക്കുകയെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam