
പാലക്കാട്: പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് നേതൃ ക്യാമ്പിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗത്തിനെതിരെ നടപടി. വിവേക് നായർക്കെതിരെയാണ് നടപടി എടുത്തത്. തിരുവനന്തപുരം സ്വദേശിയായ വനിതാ നേതാവിനോട് ക്യാമ്പിനിടെ അപമര്യാദയായി പെരുമാറി എന്നായിരുന്നു പരാതി. സംഭവത്തിൽ വനിതാ നേതാവ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനും ദേശീയ സെക്രട്ടറിക്കും പരാതി നല്‍കിയിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി വ്യക്തമാക്കി യൂത്ത് കോൺഗ്രസ് വാർത്താ കുറിപ്പിറക്കി. പാലക്കാട് അഹല്യ ക്യാമ്പസിൽ ഈ മാസം 1, 2, 3 തീയതികളിലായിരുന്നു യുവ ചിന്തൻ ശിവിർ. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.
ദേശീയ സെക്രട്ടറി സി.ബി.പുഷ്പലത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിവേക് എച്ച്.നായരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്തതായി വ്യക്തമാക്കിയിട്ടുണ്ട്. യുവ ചിന്തൻ ശിവിറിൽ സംസ്ഥാന വൈസ് പ്രസിഡന്റിനും മറ്റ് ഓഫീസ് ഭാരവാഹികൾക്കുമെതിരെ ഉണ്ടായ പെരുമാറ്റം അംഗീകരിക്കാൻ ആവുന്നതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മോശം പെരുമാറ്റത്തിന് സസ്പെൻഡ് ചെയ്യപ്പെട്ട വിവേക് നായർ അടുത്തിടെയാണ് സംഘടനയിൽ തിരിച്ചെത്തിയത്. മുന്നറിയിപ്പുകൾ നൽകിയിട്ടും ആവർത്തിച്ച് അച്ചടക്കം ലംഘിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണെന്നും ദേശീയ സെക്രട്ടറി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam