
തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
പാലക്കാട് തങ്കം ആശുപത്രിക്കെതിരെ കൂടുതൽ പരാതികൾ ഉണ്ടാകുകയാണ്. കഴിഞ്ഞ ദിവസം മരിച്ച കാർത്തികയുടെ ചികിൽസയിലും പിഴവ് സംഭവിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കാർത്തികയ്ക്ക് അനസ്തേഷ്യ നൽകാൻ ട്യൂബ് ഇറക്കരുതെന്ന് പറഞ്ഞു. എന്നിട്ടും ആശുപത്രി അധികൃതർ ട്യൂബ് ഇറക്കി. അങ്ങനെയാണോ അനസ്തേഷ്യ നൽകേണ്ടത്, എന്താണ് നടന്നതെന്ന് അറിയണം. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും മരിച്ച കാർത്തികയുടെ ബന്ധുക്കൾ വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്കിടെ പാലക്കാട് തങ്കം ആശുപത്രിയിൽ കഴിഞ്ഞ ദിവസം ആണ് ഭിന്ന ശേഷിക്കാരിയായ കാർത്തിക മരിച്ചത്. അനസ്തേഷ്യ നൽകുന്നതിലെ പിഴവ് ആണ് മരണ കാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്.ഇന്നലെ രാത്രി 7 മണിക്ക് ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കാർത്തിക രാത്രി 9 മണിക്കാണ് മരിച്ചത്. ഹൃദയാഘാതം ഉണ്ടായി എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത് എന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതിന് തൊട്ട് മുന്പത്തെ ദിവസം പ്രസവത്തെ തുടർന്ന് അമ്മയും നവജാത ശിശുവും മരിച്ചിരുന്നു. ഈ സംഭവത്തിൽ പൊലീസ് മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ വിദഗ്ധ സമിതി റിപ്പോർട്ട് കിട്ടിയ ശേഷമേ തുടർ നടപടി ഉണ്ടാകു
അതേസമയം മൂന്ന് മരണങ്ങളിലും ചികിൽസാ പിഴവില്ലെന്നാണ് തങ്കം ആശുപത്രി അധികൃതരുടെ വിശദീകരണം. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും തങ്കം ആശുപത്രി അധികൃതർ അറിയിച്ചു,
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam