
ചെങ്ങന്നൂര്‍: സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ സ്വത്ത് സംബന്ധിച്ച വിവാദവും വീണ്ടും ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ്. തന്‍റെ സ്വത്ത് മുഴുവന്‍ ജനങ്ങള്‍ക്കായി നല്‍കിയ നേതാവാണെന്ന് ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷം സജി ചെറിയാന് വേണ്ടി പ്രതിരോധം തീര്‍ക്കുമ്പോഴാണ് കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകിയ സ്വത്തിന്റെ തെളിവു ചോദിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിടുന്നത്.
തന്റെ കാല ശേഷം തന്റെ വീടടക്കമുള്ള സ്വത്തുക്കൾ ചെങ്ങന്നൂർ ആസ്ഥാനമായ കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകുമെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനം രാജിവച്ച ശേഷം സജി ചെറിയാന് പിന്തുണ അർപ്പിച്ച് സി പി എം പ്രൊഫൈലുകളിൽ വന്ന കുറിപ്പുകളിലും ഈ കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ സ്വത്തുക്കൾ കരുണ സൊസൈറ്റിക്ക് നൽകുമെന്ന് സജി ചെറിയാൻ പറയുന്നതല്ലാതെ ഇക്കാര്യം തെളിയിക്കാനുള്ള രേഖകൾ ഒന്നും അദ്ദേഹം പുറത്തു വിട്ടിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് വിമർശനം.
തന്റെ കാലശേഷം സ്വത്ത് കരുണ സൊസൈറ്റിക്ക് കൈമാറിക്കൊണ്ടുള്ള തീരുമാനം രേഖപ്പെടുത്തിയ വിൽപത്രത്തിന്റെ പകർപ്പെങ്കിലും പുറത്തു വിടണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. നേരത്തെ മന്ത്രിയുടെ സ്വത്തിന്റെ കണക്കിലെ പൊരുത്തക്കേടുകൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ബിനു വിജിലൻസിനും പരാതി നൽകിയിരുന്നു.
ഫേസ്ക്ക് കുറിപ്പിന്റെ പൂർണ രൂപം
"സജി ചെറിയാൻ സഖാവിന്റെ വിശാലമനസ്കതയെ കുറിച്ചും മനുഷ്യത്വത്തെ കുറിച്ചും ഉള്ള വാഴ്ത്തു പാട്ടുകളാണ് ചുറ്റും. ഈ പുകഴ്ത്തൽ സന്ദേശങ്ങളിൽ എല്ലാം പറയുന്നത് തന്റെ കാലശേഷം തന്റെ വീടും സ്വത്തുക്കളും കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിക്കായി മന്ത്രി, സോറി മുൻ മന്ത്രി എഴുതി വച്ചു എന്നുള്ളതാണ്. പ്രിയപ്പെട്ട സഖാക്കളേ ഇങ്ങനെ കരുണ സൊസൈറ്റിക്കായി സജി ചെറിയാൻ വീടും സ്ഥലവും എഴുതി വച്ചു എന്നതിന് എന്താണ് തെളിവ് ?
ഇങ്ങനെ എഴുതി വച്ച രേഖ ഏതെങ്കിലും രജിസ്ട്രാർ ഓഫീസുകളിൽ രജിസ്ട്രർ ചെയ്തിട്ടുണ്ടോ ? ഉണ്ടെങ്കിൽ ആയതിന്റെ തെളിവ് പുറത്തു വിടുമോ ? അതല്ല വിൽപ്പത്രമായാണോ എഴുതി വച്ചിട്ടുള്ളത് ? ആണെങ്കിൽ ഈ വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കിൽ ഈ വിൽപത്രത്തിന്റെ പകർപ്പെങ്കിലും ലഭ്യമാണോ ?
സജി ചെറിയാൻ തന്റെ സ്വത്തുക്കൾ തന്റെ കാലശേഷം കരുണ സൊസൈറ്റിക്ക് എഴുതി വച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും മാതൃകാപരം തന്നെയാണ്. പക്ഷേ വെറുതെ ഉള്ള പറച്ചിലുകൾക്കപ്പുറം ഈ കാര്യം രേഖകളുടെ പിൻബലത്തോടെ ജനങ്ങളെ ബോധ്യപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്. ആയതിനാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അദ്ദേഹമോ അദ്ദേഹത്തെ വാഴ്ത്തിപ്പാടുന്ന സഖാക്കൾ ആരെങ്കിലുമോ പുറത്തു വിടണം എന്ന് അഭ്യർഥിക്കുകയാണ്. എല്ലാത്തിനും ഒരു ക്ലാരിറ്റി വേണമല്ലോ .
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 32 ലക്ഷത്തിന്റെ മതിപ്പുവില മാത്രമുണ്ടായിരുന്ന സ്വത്തുക്കൾ എട്ടു മാസം കൊണ്ട് 5 കോടി രൂപ മൂല്യമുള്ളതായി എങ്ങിനെ ഉയർന്നു എന്ന ചോദ്യത്തിന് ഇതുവരെയായും സജിസഖാവിൽ നിന്ന് ഒരു ഉത്തരം കിട്ടിയിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ വിജിലൻസ് അടയിരിപ്പ് തുടരുകയുമാണ്. അതുകൊണ്ട് കൂടിയാണ് ഈ കാര്യങ്ങളിലെല്ലാം മുൻ മന്ത്രിയിൽ നിന്നും അദ്ദേഹത്തിന്റെ അനുചരൻമാരിൽ നിന്നും വസ്തുനിഷ്ഠമായ ഒരു മറുപടി ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam