'ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി' എന്ന ബോർഡുമായിട്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
കണ്ണൂർ: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ നിയമനടപടിയിൽ ഡിജിപി ലോക്നാഥ് ബെഹ്റക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളന വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.
'ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി' എന്ന ബോർഡുമായിട്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റൽ വോട്ട് വിവാദവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി ഡിജിപിക്കെതിരെ വിമർശനം ഉന്നയിക്കുകയായിരുന്നു.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പെരുമാറുന്നു. ഇടതുനിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റൽ വോട്ടുകള്‍ തട്ടിയെടുക്കാൻ ഡിജിപി സഹായം നൽകുന്നുവെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. ഈ പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നൽകാൻ അനുമതി ആവശ്യപ്പെട്ട് ബെഹ്റ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ കത്തിൽ സർക്കാർ അനുമതിയും നല്‍കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്.
അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി എടുക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.