ബിജെപിയിൽ നിന്നും കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പത്മജാ വേണുഗോപാലിന്റെ കാര്യത്തിൽ എഐസിസി നിലപാട് തേടാൻ കെപിസിസി. ചില നേതാക്കൾ മാപ്പ് മതിയെന്ന് പറയുമ്പോൾ, ബിജെപിയെ പരസ്യമായി തള്ളിപ്പറയണമെന്ന് മറ്റു ചിലർ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: ബിജെപിയില്‍ നിന്ന് രാജിവെച്ച പത്മജാ വേണുഗോപാലിന്റെ മടക്കത്തിൽ എഐസിസി നിലപാട് തേടി തീരുമാനമെടുക്കാൻ കെപിസിസി. ഹൃദയത്തിന്റെ ഭാഷയിലെ ക്ഷമാപണം മതിയെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ അടക്കം ഒരു വിഭാഗം നേതാക്കൾ. അതേ സമയം പത്മജ ബിജെപിയെ തള്ളിപ്പറയണമെന്നും ഇനിയും കാത്തിരിക്കണമെന്ന വാദമുള്ളവരുമുണ്ട്. അടുത്ത മാസം ലീഡറുടെ സ്മൃതിദിനത്തിന് മുമ്പ് പത്മജ കോൺഗ്രസിലേക്കെത്താനാണ് സാധ്യത.

ബിജെപി യിലേക്ക് പോയതിൽ മുറിവേറ്റ കോൺഗ്രസിനും പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ പത്മജ ഇന്നലെ ക്ഷമാപണം നടത്തിയിരുന്നു. അത് മതിയെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ അടക്കം ഒരു വിഭാഗം. പാ‍ർട്ടിയിലേക്ക വരുന്നവർക്ക് ഉപാധി വെക്കുന്ന ശൈലിയില്ലെന്നും വാദമുയർന്നു. പക്ഷെ ഹൈക്കമാൻഡുമായി ആലോചിച്ച് വേണം അന്തിമ തീരുമാനമെന്നും അഭിപ്രായമുയരുന്നു.

അതേ സമയംയ ക്ഷമാപണത്തിന് അപ്പുറം പത്മജ ഇനിയും ബിജെപിയെ തള്ളിപ്പറയാത്തതാണ് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. മോദി സ്തുതിയിലടക്കം പരസ്യമായ തിരുത്തൽ ആണ് ആവശ്യം. ബിജെപി വിട്ട് ഒരു മാപ്പ് പറഞ്ഞ് കോൺഗ്രസ്സിലേക്ക് അതിവേഗം മടങ്ങുന്നത് സിപിഎം ആയുധമാക്കിയത് ഇവർ ഉയർത്തിക്കാട്ടും. പത്മിനി തോമസിന് ഉപാധി വേണ്ട, പക്ഷെ പത്മജക്ക് വേണമെന്നാണ് നിലപാട്. നിർണ്ണായക ഘട്ടത്തിൽ പാർട്ടിയെ മുറിവേല്പിച്ച് പോയത് അത്ര പെട്ടെന്ന് മറക്കാനാകില്ലെന്നാണ് വാദം. പക്ഷെ എതിർപ്പുകൾ അധികം നീളാനിടയില്ല. അടുത്ത 23നാണ് ലീഡറുടെ സ്മൃതിദിനം. അതിന് മുമ്പ് റീ എൻട്രിയിൽ തീരുമാനം വന്നേക്കും