കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവം: കാർ ലോറിയിൽ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും, എംവിഡി പരിശോധന

Published : Jun 26, 2025, 09:50 AM IST
accident death

Synopsis

കാറിന്റെ ടയർ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിച്ചു.

കൊച്ചി: കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തുടരുന്നു. കാർ ലോറിയിൽ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും. കാർ പിന്നിലോട്ട് ഇറക്കിയപ്പോൾ നിയന്ത്രണം നഷ്ടമായെന്ന് എംവിഡി പറയുന്നു. കാറിന്റെ ടയർ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിച്ചു. പിന്നിൽ ഇടിച്ചു നിന്ന കാർ ഓഫ് ആയിരുന്നു. പിന്നീട് സ്റ്റാർട്ട് ആക്കിയപ്പോൾ അതിവേഗം മുന്നോട്ട് കുതിച്ചു പോസ്റ്റിൽ ഇടിച്ച് നിന്നുവെന്നും എംവിഡി വിശദീകരിച്ചു.

കാർ പുറത്തിറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ടാണ് ഷോറൂം ജീവനക്കാരനായ യുവാവ് മരിച്ചത്. അപകട കാരണം മാനുഷിക പിഴവോ യന്ത്രതകരാറാണോ എന്നതിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ വാഹനം ഇറക്കാനെത്തിയത് 10 വർഷത്തിലധികം പ്രവർത്തന പരിചയമുള്ളവരെന്നാണ് സിഐടിയു കാർ ഡ്രൈവേർസ് യൂണിയന്റെ വിശദീകരിച്ചു. അപകടത്തിന് പിന്നാലെ കാർ ഇറക്കാൻ എത്തിയ തൊഴിലാളികളുടെ പ്രവർത്തനപരിചയത്തിലടക്കം ചോദ്യങ്ങളുയർന്നിരുന്നു. യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷുമായിരുന്നു കാർ ഇറക്കാനെത്തിയത്. ഇരുവരും മുൻപ് ഇതേ യാർഡിലടക്കം കാറുകൾ ഇറക്കിയിരുന്നതായും അപകടകാരണം അന്വേഷിക്കണമെന്നും സിഐടിയു കാർ ഡ്രൈവേർസ് യൂണിയൻ ഇടപ്പളളി മേഖലാ സെക്രട്ടറി എൻപി തോമസ് പറഞ്ഞു.

അപകടം നടന്ന ദിവസം അൻഷാദായിരുന്നു ലോറിയിൽ നിന്നും ഇറക്കുന്ന കാറിന്റെ നിയന്ത്രണം ഏറ്റെടുത്തത്. അനീഷും റോഷനും വശങ്ങളിൽ നിർദേശം നൽകാനായും നിന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട കാർ ഇരുവ‍ർക്കും നേരെ പാഞ്ഞെത്തിയത്. അപകടമെന്ന് മനസിലാക്കും മുൻപ് റോഷന്റെ മേൽ കാർ കയറി ഇറങ്ങി. കാർ വീണ്ടും പിന്നോട്ട് നീങ്ങി യാർഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിലും റോഡിന് വശത്തെ വൈദ്യുതി പോസ്‌റ്റുകളിലും ഇടിച്ചു നിന്നു.

റോഷനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലനാരിഴക്ക് രക്ഷപ്പെട്ട അനീഷിന് നെറ്റിയിലും കൈക്കും പരുക്കേറ്റു. കാറിന്റെ പിൻവശം പൂർണമായും തകർന്നു. ടയറുകളും പൊട്ടി. നാല് കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ വോഗ് കാറാണ് അപകടത്തിൽപെട്ടത്. ലോറിയിൽ നിന്നും കാർ ഇറക്കുമ്പോൾ ഷിപ്പിംങ് മോഡിലേക്ക് കാർ മാറിയിരുന്നോ എന്നതിലടക്കം അന്വേഷണം ആവശ്യമാണ്. ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അൻഷാദിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, 'കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണം'