ലോക്ഡൗണിൽ തൊഴില്‍ നഷ്ടമായി, ഭക്ഷണത്തിനായി 600 രൂപ മോഷ്ടിച്ച് പിടിയിലായ യുവാവിന് ഒടുവിൽ മോചനം

By Web TeamFirst Published Jun 21, 2020, 10:06 AM IST
Highlights

ഹോട്ടൽ ജോലിക്കായി ഉത്തർപ്രദേശിൽ നിന്ന് കൂട്ടുകാരുമൊത്ത് കാസ‍ർകോട് എത്തിയതായിരുന്നു അജയ് ബാബു. ലോക്ഡൗണിൽ ജോലി പോയി, പട്ടിണിയിലായി. വിശന്നപ്പോള്‍ ഭക്ഷണം വാങ്ങാന്‍ വേണ്ടിയാണ് അജയ് ബാബു അറുനൂറ് രൂപ മോഷ്ടിച്ചത്. കളവ് പിടിക്കപ്പെട്ട് ജയിലിലുമായി.

കണ്ണൂര്‍: ലോക്ഡൗണിൽ പണിയില്ലാതായി വിശന്ന് വലഞ്ഞപ്പോൾ 600 രൂപ മോഷ്ടിച്ചതിന് ജയിലിലായ പതിനെട്ട് കാരന് ഒടുവിൽ മോചനം. ജാമ്യം എടുക്കാൻ പോലും ആളില്ലാതിരുന്ന അജയ് ബാബുവിന് ഒടുവില്‍ ജയിൽ വകുപ്പാണ് തുണയായത്. ജയിലിൽ നിന്നിറങ്ങുന്ന അജയ് ബാബുവിനെ കാത്തിരുന്നത് പൊലീസുകാരാണ്. പുതിയ കുപ്പായവും പാൻറും വാങ്ങി നൽകിയത് ജയില്‍ സൂപ്രണ്ട് ജനാർദ്ദനൻ. ഒരു അഞ്ഞൂറിന്‍റെ നോട്ടും കയ്യിൽ വച്ചുകൊടുത്തു ജയില്‍ സൂപ്രണ്ട്.

നാല് മാസം മുമ്പ് ഹോട്ടൽ ജോലിക്കായി ഉത്തർപ്രദേശിൽ നിന്ന് കൂട്ടുകാരുമൊത്ത് കാസ‍ർകോട് എത്തിയതായിരുന്നു അജയ് ബാബു. ലോക്ഡൗണിൽ ജോലി പോയി, പട്ടിണിയിലായി. വിശന്നപ്പോള്‍ ഭക്ഷണം വാങ്ങാന്‍ വേണ്ടിയാണ് അജയ് ബാബു അറുനൂറ് രൂപ മോഷ്ടിച്ചത്. കളവ് പിടിക്കപ്പെട്ട് ജയിലിലുമായി. പൊലീസ് പിടിച്ച് ജയിലിൽ കൊണ്ടിട്ടപ്പോൾ അജയ് ബാബുവിന് അമ്മയെ ഓർമ്മവന്നു. അമ്മയെ കാണാൻ ജയിൽ ചാടി പിടിയിലായി.

 

ഇതോടെ ജയിൽ ഉദ്യോഗസ്ഥർ ഹമർപൂർ പൊലീസിനെ വിളിച്ച് അജയ് ബാബുവിന്‍റെ കുടുംബക്കാരെ കണ്ടെത്തി. ജാമ്യത്തുക 25000 തരപ്പെടുത്തി. ഇത് കെട്ടിവച്ച അജയ് ബാബുവിനെ പുറത്തിറക്കുകയായിരുന്നു. കൊവിഡ് ആശങ്കയിൽ നാട്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികൾക്കൊപ്പം പതിനെട്ടുകാരൻ മടങ്ങി. കള്ളനല്ലെന്ന് അജയ് ബാബുവിനോട് പറയാതെ പറയുകയാണ് സൂപ്രണ്ട് ജനാർദ്ദനൻ.

click me!