പ്രതികളെ പൊലീസില്‍ ഏല്‍പ്പിച്ചിട്ടും വീഴ്ച വരുത്തി; നെട്ടൂര്‍ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി അര്‍ജുന്‍റെ അച്ഛന്‍

By Web TeamFirst Published Jul 11, 2019, 10:34 AM IST
Highlights

നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കൊച്ചി: എറണാകുളത്ത് യുവാവിന്‍റെ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ്. പ്രതികളെക്കുറിച്ച് വിവരം നല്‍കിയിട്ടും തുടക്കം മുതല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. ജൂലൈ രണ്ടാം തീയതിയാണ് മകന്‍ അര്‍ജുനെ കാണാതാവുന്നത്. മൂന്നാം തീയതി തന്നെ പ്രതികളെന്ന് സംശയിക്കുന്നവരുടെ പേരുകളടക്കം പൊലീസിനെ അറിയിച്ചുവെന്നാണ് അര്‍ജുന്‍റെ പിതാവ് പറയുന്നത്.

പൊലീസിന്‍റെ വീഴ്ചയാണ് അർജുന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് അച്ഛൻ വിദ്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ചാം തീയതി മകനെ കാണാതായ സംഭവത്തില്‍ സംശയിക്കുന്ന റോണി, നിബിൻ എന്നിവരെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടും കൂടുതൽ അന്വേഷണം നടത്താതെ ഇരുവരെയും പറഞ്ഞുവിട്ടുവെന്നും അര്‍ജുന്‍റെ കുടുംബം ആരോപിക്കുന്നു. ഒമ്പതാം തീയതി വരെ പൊലീസ് ആരുടെയും മൊഴി എടുത്തിട്ടില്ലെന്നും വിദ്യൻ ആരോപിച്ചു.

ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അർജുനോടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതികളിൽ ഒരാള‍ുടെ സഹോദരന്‍റെ അപകടമരണത്തിന്‍റെ കാരണം അർജുൻ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ വർഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അർജുൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്നു. കളമശേരിയിൽ വച്ച് അപകടത്തിൽ ബൈക്കോടിച്ചിരുന്നയാൾ മരിച്ചു. അപകടത്തില്‍ അർജുനും സാരമായി പരിക്കേറ്റിരുന്നു. അർജുൻ തന്‍റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ അർജുനോടുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

click me!