
കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി യുവാവിന്‍റെ അമ്മ രംഗത്ത്. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കേസന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യമെന്നും കൊല്ലപ്പെട്ട അര്‍ജുന്‍റെ അമ്മ സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മകനെ കാണാനില്ലെന്ന പരാതിയുമായി സമീപിച്ചപ്പോള്‍ പരിഹസിക്കുന്ന രീതിയിലായിരുന്നു പൊലീസിന്‍റെ പ്രതികരണമെന്ന് സിന്ധു ആരോപിച്ചു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പ്രതികളിലൊരാളായ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ് അര്‍ജുനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. അര്‍ജുനെ കാണാതാകുന്നതിന്‍റെ തലേദിവസം പ്രതികളിലൊരാളായ നിബിന്‍ വീട്ടില്‍ വന്നുതാമസിച്ചതായും സിന്ധു പറഞ്ഞു.
പൊലീസിന്‍റെ വീഴ്ചയാണ് അര്‍ജുന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് അച്ഛന്‍ വിദ്യനും ആരോപിച്ചിരുന്നു. പ്രതികളെക്കുറിച്ച് കൃത്യമായി വിവരം നല്‍കിയിട്ടും അന്വേഷണത്തില്‍ പൊലീസ് തുടക്കം മുതല്‍ വീഴ്ച വരുത്തിയെന്നായിരുന്നു ആരോപണം. ജൂലൈ രണ്ടിനാണ് അര്‍ജുനെ കാണാതായത്. അടുത്ത ദിവസം തന്നെ പ്രതികളുടെ വിവരങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂലൈ അഞ്ചിന് ഇവരില്‍ രണ്ടുപേരെ പൊലീസില്‍ ഏല്‍പ്പിച്ചിട്ടും കൂടുതല്‍ അന്വേഷണം നടത്താതെ പൊലീസ് പറഞ്ഞുവിടുകയായിരുന്നു. ജൂലൈ ഒമ്പതു വരെയും പൊലീസ് ആരുടെയും മൊഴി എടുത്തിട്ടില്ലെന്നും വിദ്യന്‍ ആരോപിച്ചിരുന്നു.
ബുധനാഴ്ച (ജൂലൈ 10) വൈകുന്നേരം നാലരയോടെയാണ് അര്‍ജുന്‍റെ മൃതദേഹം നെട്ടൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തു നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam