കോഴിക്കോട് നിന്ന് കാണാതായ യുവാവ് കോടതിയിൽ ഹാജരായി; ബന്ധുവീട്ടിലായിരുന്നെന്ന് വിശദീകരണം, ദുരൂഹത നീങ്ങുന്നില്ല

Published : Aug 08, 2022, 03:21 PM ISTUpdated : Aug 08, 2022, 03:26 PM IST
 കോഴിക്കോട് നിന്ന് കാണാതായ യുവാവ് കോടതിയിൽ ഹാജരായി; ബന്ധുവീട്ടിലായിരുന്നെന്ന് വിശദീകരണം, ദുരൂഹത നീങ്ങുന്നില്ല

Synopsis

ഖത്തറിൽ നിന്നെത്തിയ ശേഷം കാണാതായ റിജേഷാണ് നാദാപുരം കോടതിയിൽ ഹാജറായത്. സഹോദരിയുടെ ബെംഗളുരുവിലെ വീട്ടിൽ കഴിയുകയായിരുന്നു താൻ എന്ന് റിജേഷ് മൊഴി നൽകി. ജൂൺ 16 മുതലാണ് റിജേഷിനെ കാണാതായത്. 

കോഴിക്കോട്: കോഴിക്കോട് വളയത്തു നിന്നും കാണാതായ യുവാവ് കോടതിയിൽ ഹാജരായി. ഖത്തറിൽ നിന്നെത്തിയ ശേഷം കാണാതായ റിജേഷാണ് നാദാപുരം കോടതിയിൽ ഹാജരായത്. സഹോദരിയുടെ ബെംഗളുരുവിലെ വീട്ടിൽ കഴിയുകയായിരുന്നു താൻ എന്ന് റിജേഷ് മൊഴി നൽകി. ജൂൺ 16 മുതലാണ് റിജേഷിനെ കാണാതായത്. തിരോധാനത്തിന് പിന്നില്‍ സ്വര്‍ണക്കടത്തു സംഘമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

ഖത്തറിൽ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കൽ പറമ്പത്ത് റിജേഷ്(35) ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചത്. ഇതിനിടയിൽ അജ്ഞാതർ പല തവണ റിജേഷിനെ അന്വേഷിച്ച്  വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം കൂടി. ഇതോടെയാണ് പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്.

റിജേഷിന്‍റെ മാതാപിതാക്കളുടെ പരാതിയിൽ  വളയം പൊലീസ് കേസ്സെടുത്ത്  അന്വേഷണം തുടങ്ങിയിരുന്നു.അജ്ഞാതർ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വർണ്ണത്തിന് വേണ്ടിയാണെന്നാണ് സംശയം ഉയര്‍ന്നത്. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട ഇ‍ർഷാദിന്‍റെ  വാർത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കൾ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പൊലിസിന് മുമ്പാകെ എത്തിയത്. 

Read Also: ഇർഷാദ് കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങാൻ കോടതിയിൽ, മൂവരും കിഡ്നാപ്പിംഗ് സംഘത്തിൽപ്പെട്ടവർ

റിജേഷിനെ കാണാതായ സംഭവത്തിൽ മൂന്ന് സാധ്യതകളാണ് പൊലീസ് പ്രധാനമായും പരിശോധിച്ചത്. ഒന്നുകില്‍ നാട്ടിലെത്തിയ റിജേഷിനെ പൊട്ടിക്കൽ സംഘം പിടികൂടിയിരിക്കാം അല്ലെങ്കിൽ തട്ടിക്കൊണ്ടു പോയതാവാം. അതുമല്ലെങ്കിൽ സ്വർണം കൈക്കലാക്കാൻ വേണ്ടി റിജേഷ് സ്വയം മാറി നിന്നതുമാവാം. റിജേഷിന്‍റെ യാത്രാ വിവരങ്ങൾ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയായിരുന്നു.  ഒന്നരമാസത്തിലേറെയായി  റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണമാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നാണ് ഇയാളുടെ ബന്ധുക്കളുടെ വിശദീകരണം. ഇതിനിടയിലാണ് ഇന്ന് റിജേഷ് നേരിട്ട് കോടതിയില്‍ ഹാജരായത്. 

Read Also: പൊലീസുകാരെ പറ്റിച്ച് ഒന്നരക്കോടിയുമായി മുങ്ങിയ മുൻ പൊലീസുകാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'