
കോഴിക്കോട്: വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ. ജനറേറ്ററിൽ നിന്ന് വിഷ വാതകം കാരവാൻ്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴി അകത്തെത്തി. രണ്ട് മണിക്കൂറിനുള്ളിൽ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് വാഹനത്തിൽ പടർന്നെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.
കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ മാസം 23 നായിരുന്നു അപകടം. പൊലീസിനൊപ്പം ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരും എൻഐടിയിലെ വിദഗ്ധ സംഘത്തിൻ്റെ പരിശോധനയി ഭാഗമായിരുന്നു.
മലപ്പുറം വണ്ടൂർ സ്വദേശിയായ മനോജും, കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. വടകരയിൽ ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ ഒരു രാത്രിയും ഒരു പകലുമാണ് യുവാക്കൾ മരിച്ചുകിടന്നത്. വിവാഹ സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവാക്കൾ. വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസി ഓൺ ചെയ്ത് വിശ്രമിച്ചതായിരുന്നു. വാടകയ്ക്ക് എടുത്ത കാരവാൻ തിരിച്ചെത്താതെ വന്നതോടെ വാഹനത്തിൻ്റെ ഉടമകളാണ് ആദ്യം അന്വേഷിച്ച് ഇറങ്ങിയത്. പിന്നാലെ വാഹനം കണ്ടെത്തി. തുറന്ന് നോക്കിയപ്പോഴാണ് അകത്ത് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam