
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബർ അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്. സംഭവ ദിവസം ലൈസൻസ് കയ്യിൽ ഇല്ലെന്നാണ് അശ്വന്ത് പൊലീസിനെ അറിയിച്ചത്. പിന്നീട് സമർപ്പിച്ച ലൈസൻസ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞത് മനസ്സിലാകുന്നത്. 2025 ഫെബ്രുവരിയിലാണ് ലൈസൻസ് കാലാവധി കഴിഞ്ഞത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി അശ്വന്ത് കോക്കിനെതിരെ കേസ് എടുക്കും. 5 വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്തിന്റെ വാഹനം കാറിലും ബൈക്കിലും ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്നതോടെ ഓടിക്കൂടിയ നാട്ടുകാരോട് തട്ടിക്കയറുന്ന വീഡിയോ പുറത്ത് വന്നിരുന്നു. മദ്യലഹരിയിലായിരുന്ന അശ്വന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. അശ്വന്ത് ഓടിച്ച വാഹനത്തിൽ നിന്നും രണ്ട് കുപ്പി മദ്യം കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്നും മദ്യവും എയർ ഗണ്ണും കണ്ടെത്തിയിരുന്നു. ഇനി താൻ മദ്യപിച്ച് വാഹനമോടിക്കില്ലെന്നും ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നതായും അശ്വന്ത് പിന്നീട് യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. നിയമവിരുദ്ധമായി താൻ ജീവിതത്തിൽ ചെയ്ത ഏക കാര്യം ഇതു മാത്രമാണ് എന്നും അശ്വന്ത് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam