
തിരുവനന്തപുരം: ന്യൂയോർക്ക് മേയറാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയിലെ സൊഹ്റാൻ മംദാനിയുടെ അഞ്ച് വർഷം മുമ്പത്തെ ട്വീറ്റ് കേരളത്തിൽ ചർച്ചയാകുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎമ്മിന്റെ ആര്യാ രാജേന്ദ്രൻ മേയറായി തെരഞ്ഞെടുപ്പക്കപ്പെട്ടപ്പോഴാണ് മംദാനി അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. ആര്യ രാജേന്ദ്രൻ 21 വയസ്സുള്ളപ്പോൾ കോർപ്പറേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ഇങ്ങനെയുള്ള മേയറിനെയാണ് ന്യൂയോർക്കിന് ആവശ്യം? എന്ന കുറിപ്പോടെയാണ് പുതുച്ചേരി സിപിഎം ഘടകത്തിന്റെ ട്വീറ്റ് ഷെയർ ചെയ്ത് മംദാനി പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് 33കാരനായ സോഹ്‌റാൻ മംദാനി മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തിൽ വിജയിച്ച് ന്യൂയോർക്ക് മേയറാകാൻ മത്സരിക്കുന്നത്. പഴയ ട്വീറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു, സിപിഐ(എം) റീട്വീറ്റ് ചെയ്യുകയും "അഭിനന്ദനങ്ങൾ @ZohranKMamdani! നിങ്ങളെ ന്യൂയോർക്ക് മേയറായി കാണാൻ പ്രതീക്ഷിക്കുന്നു- എന്ന് ആശംസിക്കുകയും ചെയ്തു.
ഇന്ത്യൻ മാതാപിതാക്കളായ ചലച്ചിത്ര നിർമ്മാതാവ് മീര നായർ, അക്കാദമിക് പ്രവർത്തകൻ മഹ്മൂദ് മംദാനി എന്നിവരുടെ മകനായി ജനിച്ച മംദാനി, ഈ വർഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് മേയർ സ്ഥാനത്തേക്ക് മത്സരിക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ മേയറും ആകും.
അതെസമയം, മംദാനിയെ വിമർശിച്ച് പ്രസിഡന്റ് ട്രംപ് അടക്കം രംഗത്തുവന്നു. കമ്മ്യൂണിസ്റ്റ് ലൂണാറ്റിക് എന്നാണ് ട്രംപ് മംദാനിയെ വിശേഷിപ്പിച്ചത്. ജനാധിപത്യ സോഷ്യലിസ്റ്റായി വിശേഷിപ്പിക്കുന്ന മംദാനി, താങ്ങാനാവുന്ന വിലയിലുള്ള ഭവന നിർമ്മാണം, സർക്കാർ നടത്തുന്ന പലചരക്ക് സ്റ്റോറികൾ, വിലകുറഞ്ഞ പൊതുഗതാഗതം, ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ എന്നിവയ്ക്കായി വാദിച്ചു. പ്രധാന കോർപ്പറേഷനുകൾക്കും അതിസമ്പന്നർക്കും ഉയർന്ന നികുതി ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു.