
ഇടുക്കി. വട്ടവട്ട ഗ്രാമ പഞ്ചായത്തിന്‍റെ വികസനത്തിനായി കേന്ദ്രത്തില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് സുരേഷ് ഗോപി എം.പി. എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച അഭിമന്യുവിന്‍റെ കൊട്ടാക്കമ്പൂരിലുള്ള വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു രാജ്യസഭാ എം.പി യുടെ വാഗ്ദാനം. അഭിമന്യുവിന്‍റെ കുടുംബാംഗങ്ങളെ കണ്ട് സാന്ത്വനിപ്പിച്ച അദ്ദേഹം എല്ലാ പിന്തുണയും സഹായവും നല്‍കുമെന്ന് കുടുംബത്തെ അറിയിച്ചു.
തുടര്‍ന്ന് വട്ടവട പഞ്ചായത്ത് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടന്ന കൂടിക്കാഴ്ചയിലായിരുന്നു വികസന വാഗ്ദാനം. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മേഖലയില്‍ ഒരു ഏകാധ്യാപക സ്‌കൂള്‍ സ്ഥാപിക്കുന്നതിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കുവാന്‍ തദ്ദേശഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തയ്യാറാക്കുന്ന പദ്ധതികള്‍ക്കനുസൃതമായി പണം അനുവദിക്കും. എം.പിയുടെ സന്ദര്‍ശനത്തോടെ വട്ടവടയുടെ വികസനത്തിന് കൂടുതല്‍ കേന്ദ്രസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വട്ടവടയിലെ ജനങ്ങള്‍. ശനിയാഴ്ച രാവിലെ 7 മണിയ്ക്ക് കൊട്ടാക്കമ്പൂരിലെത്തിയ എം.പി 10 മണിയോടെ മടങ്ങി.