മണല്‍ കടത്താന്‍ കൈക്കൂലി; മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

By web deskFirst Published Jul 7, 2018, 7:07 PM IST
Highlights
  • ഒരു ദിവസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ കൈക്കൂലിയാണ് കാസര്‍കോട്ടെ പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മണൽ ലോറിഡ്രൈവർ നൽകേണ്ടി വരുന്നത്.

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന്  കേരളത്തിലേക്ക് രേഖകള്‍ പ്രകാരം മണല്‍ കൊണ്ടുവരുന്ന ലോറി ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി ചോദിച്ച് വാങ്ങിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് ചീഫ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കാസര്‍കോട് കണ്‍ട്രോള്‍ റൂം എസ് ഐ എം.വി ചന്ദ്രന്‍, എ.ആര്‍ ക്യാമ്പിലെ ഫ്‌ളൈയിംഗ് സ്‌ക്വാഡില്‍ ജോലി ചെയ്യുന്ന എ.എസ്.ഐ.  പി മോഹനന്‍, കാസര്‍കോട് ട്രാഫിക്ക് എ.എസ്.ഐ. ആനന്ദ എന്നിവരെയാണ്  ജില്ലാ പോലീസ് ചീഫ് എ. ശ്രീനിവാസ് സസ്‌പെൻഡ് ചെയ്തത്.

ലോറി ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ വെള്ളിയാഴ്ച പുറത്ത് വിട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കര്‍ണാടകയില്‍ നിന്നും ഒരു ദിവസം  40 ലോഡ് മണല്‍ കാസർകോട് വഴി കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്. മഞ്ചേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെയുള്ള സ്ഥലങ്ങളിലെ പോലീസിന്‍റെയും എക്‌സൈസിന്‍റെയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും ചെക്ക് പോസ്റ്റുകളില്‍ കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. 

ഒരു ദിവസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ കൈക്കൂലിയാണ് കാസര്‍കോട്ടെ പോലീസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മണൽ ലോറിഡ്രൈവർ നൽകേണ്ടി വരുന്നത്. മഞ്ചേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെ സഞ്ചരിക്കുന്ന മണല്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് വണ്ടിയൊന്നിന് 7500 രൂപ നല്‍കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഒരു പരിശോധനയും കൂടാതെയാണ് കൈക്കൂലി വാങ്ങി ലോറികളെ കടത്തിവിടുന്നത്. കൈക്കൂലി നല്‍കിയില്ലെങ്കില്‍ രേഖകളെല്ലാമുള്ള ലോറികള്‍ പോലും മൂന്നു മാസം വരെ പോലീസ് സ്‌റ്റേഷനിലും എക്‌സൈസിലും പിടിച്ചുവെക്കുമെന്ന പരാതിയും ഉയര്‍ന്നിരുന്നു. 

500 രൂപയാണ് കൈക്കൂലിയായി എല്ലായിടത്ത് നിന്നും വാങ്ങിയിരുന്നത്. ഫ്‌ളൈയിംഗ് സ്‌ക്വാഡ് മുതലുള്ള എല്ലാ പോലീസുകാര്‍ക്കും കൈക്കൂലി നല്‍കണം. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിയോട് നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണത്തിന് ഉത്തരവുണ്ടായത്. ഇതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. കൂടുതല്‍ അന്വേഷണത്തിനായി കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ജ്യോതി കുമാറിനെ ചുമതലപ്പെടുത്തി.

click me!