ഇരുപത്തിയേഴ് ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

Published : Nov 23, 2017, 10:45 PM ISTUpdated : Oct 04, 2018, 11:25 PM IST
ഇരുപത്തിയേഴ് ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

Synopsis

കോട്ടയം:  ചങ്ങനാശേരിയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഇരുപത്തിയേഴ് ലക്ഷം രൂപ ഷാഡോ പോലീസ് പിടികൂടി. ചങ്ങനാശേരി പുതൂര്‍പള്ളി മുട്ടംപറമ്പ് കബീറാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. 

അനധികൃതമായി ചങ്ങനാശേരിയിലേക്ക് ട്രെയിന്‍ മാര്‍ഗം പണം വരുന്നതായി കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി പോലീസ് നടത്തിയ നിരീക്ഷണത്തിന്റെ ഫലമായാണ് ഇയാളെ പിടികൂടാന്‍ സാധിച്ചതെന്ന് പോലീസ് പറഞ്ഞു. കുഴല്‍ രൂപത്തിലുള്ള തുണി സഞ്ചിയില്‍ അരയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് കബീറില്‍ നിന്നും പൊലീസ് പണം കണ്ടെത്തിയത്. ഇതിന് മുകളില്‍ ജീന്‍സും ധരിച്ചിരുന്നു. 

പുതിയ 2000 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രേഖകളില്ലാത്ത പണത്തിന്റെ ഉറവിടം കാണിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചു. ചങ്ങനാശേരിയിലും കോട്ടയത്തുമുള്ള കുഴല്‍പ്പണം ഇടപാടുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏജന്റാണ് കബീര്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വ്യാഴാഴ്ച രാവിലെ ഏറ്റുമാനൂര്‍ സ്വദേശിയായ ഒരാള്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വച്ച് കുറച്ച് പണം കൈമാറിയതായി സൂചനയുണ്ട്. ഒരുമാസം രണ്ടും മൂന്നും തവണ ഇയാള്‍ ചെന്നൈയില്‍ പോയി പണം ശേഖരിച്ച് മടങ്ങാറുണ്ടെന്നും പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും. കേസിന്റെ വിശദമയ റിപ്പോര്‍ട്ട് ആദായ നികുതി വകുപ്പിനും പൊലീസ് കൈമാറും.
 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ