
ആലപ്പുഴ: കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയും മരണംവരെ സംഭവിക്കുകയും ചെയ്തിട്ടും കാന്‍സര്‍ പരിശോധന കേന്ദ്രം സ്ഥാപിക്കുമെന്ന ബന്ധപ്പെട്ടവരുടെ പ്രഖ്യാപനം പാഴ്വാക്കാകുന്നു.
അമിത കീടനാശിനി പ്രയോഗം, വന്‍തോതില്‍ മാലിന്യം കെട്ടികിടക്കുന്ന വെള്ളം തുടങ്ങിയവയാണ് കുട്ടനാട്ടില്‍ കാന്‍സര്‍ വ്യാപിക്കാന്‍ കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുമ്പോഴും ശാശ്വത പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ല.
ഓരോ സീസണിലും ടണ്‍ കണക്കിന് കീടനാശിനികളാണ് നെല്‍പ്പാടങ്ങളില്‍ ഉപയോഗിക്കുന്നത്. കീടനാശിനികളിലെ വിഷാംശം ജലസ്രോതസ്സുകളിലേക്കാണ് എത്തുന്നത്. ഇത് പ്രദേശവാസികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.
ശ്വാസ കോശം, വായ, ആമാശയം, വന്‍കുടല്‍, തൊണ്ട, അണ്ഡാശയ ഗര്‍ഭാശയ കാന്‍സറുകളും സ്തനാര്‍ബുദ്ധവും കുട്ടനാട്ടില്‍ കണ്ടുവരുന്നതായി വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വൈസ്പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ് കൈനകരി പഞ്ചായത്തില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുതലാണെന്നും കണ്ടെത്തിയിരുന്നു.
നിലവില്‍ വണ്ടാനം മെഡിക്കല്‍കോളേജില്‍ മാത്രം നാലായിരം രോഗികള്‍ ചികിത്സതേടുന്നുണ്ട്. തിരുവനന്തപുരം ആര്‍ സി സി, കോട്ടയം മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവിങ്ങളില്‍ ചികിത്സ നേടുന്നവര്‍ വേറേയും.
സൗജന്യ ചികിത്സ നടപ്പാക്കുകയെന്നതായിരുന്നു പരിശോധനാകേന്ദ്രം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. രോഗബാധിതര്‍ക്ക് സൗജന്യമായി മരുന്നും കീമോതെറാപ്പിയും ഓപ്പറേഷനും കൊച്ചി ആശുപത്രിയില്‍ നടത്തി കൊടുക്കും.
ചമ്പകുളം, രാമങ്കരി, പുളിങ്കുന്ന്, വെളിയനാട്, കൈനകരി, തലവടി, നീലംപേരൂര്‍, കാവാലം, തകഴി, നെടുമുടി, മുട്ടാര്‍, എടത്വാ, വീയപുരം എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിതരായി പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 486 ആണ്. സാന്ത്വന ചികിത്സ തേടുന്നവര്‍ 516 പേരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേ സമയം നിരവധി രോഗികള്‍ ഇന്നും അവശതയില്‍ കഴിയുകയാണ്. രോഗം പുറത്ത് പറയാന്‍ മടിക്കുന്നവരും ഏറെയാണ്. രോഗം മൂര്‍ഛിച്ചു കഴിയുമ്പോഴേക്കും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുകയും ചിലര്‍ക്ക് ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായി വരികയും ചെയ്യുന്നു.
പലസന്നദ്ധ സംഘടനകള്‍ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പുകള്‍ നടത്താറുണ്ടെങ്കിലും ക്യാമ്പുകളില്‍ ആളുകളുടെയെണ്ണം വളരെ കുറവാണെന്ന് സംഘാടകര്‍ തന്നെ വ്യക്തമാക്കുന്നു. പരിശോധനയില്‍ രോഗം കണ്ടു പിടിക്കപെട്ടാലോ എന്ന ചിന്തയാണ് ചിലരെ പരിശോധനാ ക്യാമ്പുകളില്‍നിന്ന് പിന്നോട്ട് വലിക്കുന്നത്.
മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും സൗജന്യ ചികിത്സയെന്നു പറയുന്നുണ്ടെങ്കിലും പല പരിശോധനകള്‍ക്കും ഭീമമായ തുക ആവശ്യമാണ്. ഒപ്പം വിലപിടിപ്പുള്ള പല മരുന്നുകളും വെളിയില്‍ നിന്നും വാങ്ങേണ്ട ഗതികേടിലുമാണ്.
ഈ അവസരത്തിലാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടനാട്ടില്‍ കാന്‍സര്‍ രോഗം നിര്‍ണ്ണയിക്കുന്നതിനുള്ള പരിശോധന കേന്ദ്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നത്. ആദ്യവട്ട ചര്‍ച്ചകളോടൊപ്പം ചില പഞ്ചായത്തുകളില്‍ സര്‍വ്വേകളും നടന്നിരുന്നു.