
ആലപ്പുഴ: ഒമാനിലെ 20 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം രണ്ട് മലയാളികള്‍ ചൊവ്വാഴ്ച മോചിതരാകും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് വളഞ്ഞവഴി ഭാരതി ഭവനില്‍ പരേതനായ തങ്കപ്പന്‍ ഭാരതി ദമ്പതികളുടെ മകന്‍ സന്തോഷ് (45), തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാന്‍ (60) എന്നിവരാണ് ചെയ്യാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഒമാനിലെ ജയിലില്‍ നിന്ന് മോചിതരാകുന്നത്. ഒമാനില്‍ ജോലി ചെയ്തിരുന്ന ജേഷ്ട സഹോദരന്‍ മഹേശനാണ് 19-ാമത്തെ വയസില്‍ സന്തോഷിനെ ഒമാനില്‍ എത്തിച്ചതും ഫ്ലോര്‍ മില്ലില്‍ ജോലി തരപ്പെടുത്തി കൊടുത്തതും. സമീപത്തെ കൊല്ലം കൊട്ടിയം സ്വദേശി ശിവന്‍പിള്ള ജോലി നോക്കിയിരുന്ന ഇരുമ്പു സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ 19 വര്‍ഷം മുമ്പ് നാല് പാകിസ്ഥാന്‍ സ്വദേശികളെത്തുകയും തങ്ങളുടെ സ്ഥാപനത്തിലെ താക്കോല്‍ നഷ്ടപ്പെട്ടെന്നും പൂട്ടു തുറക്കുന്നതിനായി കട്ടര്‍ വേണമെന്നാവശ്യപെടുകയുമായിരുന്നു.
തുടര്‍ന്ന് കട്ടര്‍ നല്‍കി ഒരാഴ്ചക്കു ശേഷം സന്തോഷിനെയും ശിവന്‍പിള്ളയേയും ഷാജഹാനെയും ഒമാന്‍ പോലീസ് പിടികൂടുകയായിരുന്നു. പാകിസ്താനികള്‍ ഇവരില്‍ നിന്ന് വാങ്ങിയ കട്ടര്‍ സമീപത്തെ ബാങ്ക് കൊള്ളയടിക്കാനാണെന്ന് ഇവര്‍ അറിഞ്ഞില്ല. കവര്‍ച്ചയുടെ ഇടയില്‍ സ്ഥാപനത്തിനു മുന്നില്‍ ഉണ്ടായിരുന്ന ഒമാന്‍ സ്വദേശികളായ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയും ഇവര്‍ കൊലപ്പെടുത്തിയിരുന്ന വിവരവും സന്തോഷ് ഉള്‍പ്പെടെയുള്ള മലയാളികള്‍ പിന്നീടാണ് അറിഞ്ഞത്. ഈ സമയം ഇവര്‍ ജയിലിനുള്ളിലായി കഴിഞ്ഞിരുന്നു. 25 വര്‍ഷത്തെ ജീവപര്യന്തമായിരുന്നു ശിക്ഷ.
പാകിസ്ഥാനികള്‍ കൊണ്ടുപോയ കട്ടര്‍ സംഭവ ശേഷം പോലീസ് കണ്ടെടുക്കുകയും ചെയ്തു. അതേസമയം കട്ടര്‍ വാങ്ങിയതിന്റെ ബില്ല് ഹാജറാക്കാന്‍ കഴിയാതിരുന്നതും നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതായി. രോഗബാധിതനായി ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞിരുന്ന ശിവന്‍പിള്ള പിന്നീട് മോചിതനായി. കുറ്റക്കാരായ പാകിസ്ഥാനികളെ കോടതി വധശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു. ചെയ്യാത്ത തെറ്റിന് ശിക്ഷ വാങ്ങേണ്ടി വന്ന ഇരുവരുടെയും മോചനത്തിനായി ബന്ധുക്കള്‍ അന്നു മുതല്‍ മുട്ടാത്ത വാതിലുകളില്ല.