
കോഴിക്കോട്: പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡില്‍ നിലവിലെ വനപാതയിലെ ദൂരം കുറക്കുന്ന പുതിയ നിര്‍ദ്ദേശവുമായി കര്‍മ്മ സമിതി. വനപാതയില്‍ കൂടിയുള്ള ഭാഗത്തെ റോഡ് നിര്‍മാണമാണ് കീറാമുട്ടിയായി തുടരുന്നത്. ഇതിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി കിട്ടാത്തതാണ് പ്രശ്നം. 27.225 കിലോമീറ്റര്‍ ദൂരമുള്ള നിര്‍ദ്ദിഷ്ട ബദല്‍ റോഡില്‍ 12.940 കിലോമീറ്ററാണ് നിക്ഷിപ്ത വനഭൂമി.
എന്നാല്‍ 3.5 കിലോമീറ്റര്‍ ദൂരത്തെ വനമേഖല മാത്രം ഉപയോഗിച്ച് മറ്റൊരു വഴിയിലൂടെ മേല്‍പ്പാലം നിര്‍മ്മിക്കാമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇങ്ങനെയായാല്‍ വനമേഖലയിലൂടെ റോഡ് കടന്നുപോകുന്നതിന്റെ പ്രശ്നങ്ങളും കുറക്കാം. പൊതുമരാമത്ത് വകുപ്പില്‍ നിന്ന് വിരമിച്ച അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനിയറും പൂഴിത്തോട് സ്വദേശിയുമായ പി.ടി. കുര്യനാണ് പുതിയ വഴിക്കായി രൂപരേഖ തയ്യാറാക്കിയത്.
ഇക്കാര്യം കര്‍മ്മസമിതി ഭാരവാഹികളും പെന്‍ഷനേഴ്സ് യൂണിയനും കുര്യനും ചേര്‍ന്ന് ജില്ലാ കലക്റ്റര്‍ക്ക് സമര്‍പ്പിച്ചിരുന്നു. നിര്‍ദ്ദേശം പരിശോധിക്കാന്‍ പൊതുമരാമത്ത് വിഭാഗം ചുരം ഡിവിഷന്‍ അസിസ്റ്റന്റ് എസ്‌കിക്യുട്ടീവ് എൻജിനിയര്‍ക്ക് കളക്ടര്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. പൂഴിത്തോട് നിന്ന് തുടങ്ങി വൈത്തിരി തരുവണ റോഡില്‍ 23ാം കിലോമീറ്ററില്‍ പടിഞ്ഞാറത്തറ അവസാനിക്കുന്നതായിരുന്നു നിര്‍ദ്ദിഷ്ട പാത. ഇതില്‍ ഇടക്ക് വച്ച് മാറ്റം വരുത്തിയുള്ളതാണ് പുതിയ പാതക്കുള്ള നിര്‍ദ്ദേശം.
പൂഴിത്തോട് നിന്നുള്ള വഴിയില്‍ രണ്ടാം ചീളിയില്‍ മൂത്താട്ട് പുഴക്ക് കുറുകെ പാലം പണിയാണ് പുതിയ നിര്‍ദ്ദേശത്തില്‍ ആദ്യം വേണ്ടി വരിക. ഇവിടെ നിന്ന് കാപ്പിക്കളം വരെ വനമേഖലയിലൂടെ മേല്‍പാലം നിര്‍മ്മിക്കണം. ഇവിടെ നിന്നുള്ള പാത ബാണാസുര സാഗര്‍ ഡാമിലേക്കുള്ള പിഡബ്ല്യൂഡി റോഡിലാണ് ചെന്നു ചേരുക. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി പൂഴിത്തോട്, പടിഞ്ഞാറത്തറ, കുട്ട, ഗോണിക്കുപ്പ, മൈസൂര്‍, ബംഗളൂരു പാതയാക്കി മാറ്റണമെന്നാണ് കര്‍മ്മ സമിതി ആവശ്യപ്പെടുന്നത്.
23 വര്‍ഷത്തോളമായി മുടങ്ങി കിടക്കുകയാണ് വയനാട്ടിലേക്കുള്ള പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡ് നിര്‍മാണം. വയനാട്ടിലേക്ക് പൂഴിത്തോട് പടിഞ്ഞാറത്തറ വഴി പോകുമ്പോള്‍ 16 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ കഴിയും. 1992ല്‍ പഠനം പൂര്‍ത്തിയാക്കി 1994ല്‍ പ്രവൃത്തി തുടങ്ങിയതാണ്. മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനായിരുന്നു ഉദ്ദേശം. പൂഴിത്തോട് നിന്നും പടിഞ്ഞാറത്തറ നിന്നും വനാതിര്‍ത്തി വരെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 14.285 കിലോമീറ്റര്‍ ദൈർഘ്യമാണ് നിര്‍മാണം നടന്ന ഭാഗം.
നഷ്ടമാകുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയില്‍ 20.770 ഹെക്ടറും കോഴിക്കോട് ജില്ലയില്‍ 5.56 ഹെക്റ്ററും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വനം വകുപ്പിന് വിട്ട് നല്‍കിയിരുന്നു. 1993ല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ 23.50 ഹെക്റ്റര്‍ വനഭൂമി റോഡിനായി നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചതാണ്. ഇതിന് പകരമായിരുന്നു ഭൂമി വിട്ടു നല്‍കിയത്. എന്നാല്‍ പിന്നീട് എല്ലാം മുടങ്ങുകയായിരുന്നു.