ഇത് കവിയരങ്ങല്ല, അഞ്ജുവിന്‍റെ വൃക്ക മാറ്റി വയ്ക്കാന്‍ സഹായം തേടുകയാണിവര്‍

Web Desk |  
Published : Jul 07, 2018, 01:41 PM ISTUpdated : Oct 02, 2018, 06:46 AM IST
ഇത് കവിയരങ്ങല്ല, അഞ്ജുവിന്‍റെ വൃക്ക മാറ്റി വയ്ക്കാന്‍ സഹായം തേടുകയാണിവര്‍

Synopsis

20 ലക്ഷം രൂപയാണ് ഏകദേശ ചെലവ് സഹപാഠിക്കുവേണ്ടി കൈകോര്‍ക്കുകയാണ് കലാലയ കൂട്ടായ്മ

തൃശൂര്‍: തിരക്കേറിയ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്റിനോരത്ത് രാവിലെ മുതല്‍ കവിതകള്‍ കേള്‍ക്കുന്നു. വരുന്നവരും പോകുന്നവരും ഈ കവിസമ്മേളനത്തിന് കാതോര്‍ക്കുന്നുണ്ട്. തിരിക്കിട്ട് പോകുന്നവര്‍ പോലും മിനക്കെട്ട് നില്‍ക്കുന്നുമുണ്ട്. കയ്യില്‍ കരുതിയ കാശില്‍ നിന്നൊരുഭാഗം സംഘാടകരെ ഏല്‍പ്പിച്ചാണ് മടക്കം. കാലവര്‍ഷത്തിനിടെ കവികള്‍ ഒത്തുകൂടിയതിന്റെ കാരണം തിരക്കിയപ്പോഴാണ് കണ്ണുനിറഞ്ഞത്...

തൃശൂര്‍ സി അച്യുതമേനോന്‍ ഗവ.കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന അയ്യന്തോള്‍ പുതൂര്‍ക്കര സ്വദേശി ഇലവനാല്‍ചെരുവില്‍ രമേശിന്റെ മകള്‍ അഞ്ജുവിന് (23) വൃക്ക മാറ്റിവയ്ക്കാനുള്ള ചെലവ് തേടിയാണ് ഈ കവിസമ്മേളനം. അച്യുതമേനോന്‍ കോളജിന് പുറമെ, സെന്റ് തോമസ് കോളജ്, വിമല കോളജ്, സെന്റ് മേരീസ് കോളജ്, സെന്റ് അലോഷ്യസ് കോളജ് എന്നീ തൃശൂരിലെ അഞ്ച് പ്രഫഷണല്‍ കോളജുകളിലെ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നുള്ള സേവകരാണ് സംഘാടകര്‍. 

ഒരു വര്‍ഷത്തോളമായി രോഗാവസ്ഥയിലാണ് അഞ്ജു.രോഗം മൂര്‍ച്ഛിച്ചതോടെ അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. 20 ലക്ഷം രൂപയാണ് ഇതിനായി ഏകദേശ ചെലവ് പറഞ്ഞിരിക്കുന്നത്. അഞ്ജുവിന്റെ അച്ഛന്‍ രമേശന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ നിര്‍ധന കുടുംബം കഴിഞ്ഞുപോരുന്നത്. മകളുടെ ചികിത്സ കൂടിയായതോടെ രമേശനും കുടുംബാംഗങ്ങളും തളര്‍ന്നു. ഇനിയെന്ത് എന്ന ചിന്തയില്‍ നാടൊട്ടുക്കും അലയുന്നതിനിടെയാണ് സഹപാഠിക്കുവേണ്ടി കൈകോര്‍ക്കാന്‍ കലാലയ കൂട്ടായ്മയൊരുങ്ങിയത്. ഇതോടൊപ്പം സഹായ സമിതിയുടെ നേതൃത്വത്തില്‍ അയ്യന്തോള്‍ കാനറ ബാങ്ക് ശാഖയില്‍ അഞ്ജു മെഡിക്കല്‍ എയ്ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പേരില്‍ (A/c No;6757101000502, IFSC Code: CNRB0000720) അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

അധ്യാപകരും അഞ്ജു ചികിത്സാ സഹായ ജനകീയ സമിതിയുടെ കോ-ഓര്‍ഡിനേറ്ററായ സിസ്റ്റര്‍ മേരി പീറ്ററും പ്രഫ.സാറാ ജോസഫും കെ വേണുവും ഡോ.ഭീം ജയരാജും ചെയര്‍മാന്‍ ശരത്ത് എടക്കുന്നിയും കണ്‍വീനര്‍ സജീവന്‍ അന്തിക്കാടും കെ ജെ പത്രോസുമെല്ലാം ഇവര്‍ക്കൊപ്പമുണ്ട്. കേട്ടറിഞ്ഞ് തൃശൂരിലെ കലാ-സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ ഒരുപാട് പേര്‍ ഇവര്‍ക്കരുകിലേക്കെത്തുന്നുണ്ട്. കലാലയ കൂട്ടായ്മയുടെ കവി സമ്മേളനം വൈകീട്ട് മൂന്ന് വരെ ശക്തനില്‍ തുടരും.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ