
ഇടുക്കി: ലോകം മുഴുവന്‍ ലോകകപ്പ് ലഹരിയില്‍ മുഴുകിയിരിക്കുമ്പോള്‍ മൂന്നാറിലെ തോട്ടം മേഖലയില്‍ മുമ്പെങ്ങും കാണാത്ത ആവേശവും മത്സരവുമാണ്. തെക്കേ അമേരിക്കയിലെ ഏതോ ഗ്രാമത്തിലെത്തിയ പ്രതീതിയാണ് മൂന്നാറിലെ ദേവികുളത്തെത്തിയാല്‍ തോന്നുക. ഫുട്ബോള്‍ ആവേശം ദേവികുളത്തെ ചുമരുകളിലും മതിലുകളില്‍ പച്ചയും മഞ്ഞയും നീലയും വെള്ളയുമൊക്കെയായി തിളങ്ങുമ്പോള്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഹൃദയതാളം ആരാധകരും ഏറ്റവാങ്ങുകയാണ്.
ഇരു ചേരികളായി തിരിഞ്ഞ് അര്‍ജന്റനീയ്ക്കായും ബ്രസീലിനായും ആര്‍ത്തുവിളിച്ച് റോഡിലും ആരവം ഉയര്‍ത്തി ലോകകപ്പിന്റെ കിക്കോഫിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദേവികുളത്തിന്റെ പ്രവേശന ഭാഗത്തു തന്നെ സ്വാഗതം ആശംസിച്ച് ഇരു രാജ്യങ്ങളുടെയും ഫ്ളക്സ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. കളി വലിയ സ്‌ക്രീനില്‍ ഒരുമിച്ചിരുന്ന് കാണുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആവേശം നിറഞ്ഞ് ചേരിതിരിഞ്ഞ് മത്സരിക്കുമ്പോഴും ആരു ജയിച്ചാലും പ്രശ്നമില്ല ഇവര്‍ക്ക്, ജയിക്കുന്നത് ഫുട്ബോളല്ലേ എന്ന് ചോദിക്കും ദേവികുളത്തെ ആരാധകര്‍.