മുല്ലയ്ക്കൽ ബാലകൃഷ്ണന് കണ്ടകശനി ഒഴിയുന്നില്ല

Published : Dec 02, 2017, 12:32 PM ISTUpdated : Oct 04, 2018, 07:11 PM IST
മുല്ലയ്ക്കൽ ബാലകൃഷ്ണന് കണ്ടകശനി ഒഴിയുന്നില്ല

Synopsis

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ദേവീക്ഷേത്രത്തിലെ കൊമ്പൻ മുല്ലയ്ക്കൽ ബാലകൃഷ്ണന് അധികൃതരുടെ  വക ഇരുട്ടടി.  എട്ടുകൊല്ലമായി ഒപ്പമുള്ള, ബാലകൃഷ്ണനോട് ഇണക്കമുള്ള ഒന്നാം പാപ്പാൻ മധുവിനെ കരുനാഗപ്പള്ളി ആദിനാട് ക്ഷേത്രത്തിലേക്ക് സ്ഥലം മാറ്റി. വ്യാഴാഴ്ച വൈകിട്ടാണ് ഉത്തരവിറങ്ങിയത്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ ചുമതലയേറ്റെടുക്കണം. 

എന്നാൽ അനന്തൻകരിയിലെ ചതുപ്പിൽ നിന്ന് രക്ഷപെടുത്തിയ ബാലകൃഷ്ണൻ ഇനിയും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഈ സൗഹചര്യത്തിൽ മധു പോയാൽ ചികിത്സയിൽ കഴിയുന്ന ബാലകൃഷ്ണന്റെ അവസ്ഥ പരിതാപകരമാകുമെന്ന് ആനപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. മധുവിന്റെ സ്ഥലംമാറ്റത്തിന് പിന്നിൽ ദേവസ്വം ബോർഡിന്റെ വൈരാഗ്യബുദ്ധിയാണെന്ന് ഇവർ ആരോപിക്കുന്നു.
 
നേരത്തെ ആനയ്ക്ക് സുഖചികിത്സയ്ക്കുള്ള മരുന്ന് എത്തിക്കാത്തതിനെ മധു ചോദ്യം ചെയ്തിരുന്നു. അനന്തൻകരിയിലെ ചതുപ്പിൽ ബാലകൃഷ്ണൻ കുടുങ്ങിയപ്പോൾ അടുത്തുനിന്ന് മയക്കുവെടി വയ്ക്കുന്നത് ആനയ്ക്ക് ദോഷകരമാണെന്നും നിയമപ്രകാരം അത് പാടില്ലെന്നും മധു ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ദേവസ്വം ബോർഡിന് അനിഷ്ടമുണ്ടായെന്നും തന്മൂലമാണ് മധുവിനെ മാറ്റുന്നതെന്നാണ് ആരോപണം.
                    
ആനയുടെ തലയിൽ മയക്കുവെടിയേറ്റ് ഉണ്ടായ മുറിവ് ഇപ്പോഴും ഭേദമായിട്ടില്ല. മധുവാണ് മുറിവ് വൃത്തിയാക്കി മരുന്ന് വച്ച് കെട്ടുന്നത്. അപകടത്തിന് ശേഷം മുല്ലയ്ക്കൽ ക്ഷേത്രത്തിലെത്തിയ ബാലകൃഷ്ണനെ ഒരുതവണ മാത്രമാണ് മൃഗഡോക്ടറെത്തി പരിശോധിച്ചത്. മധു കൃത്യമായി പരിചരിക്കുന്നതിനാൽ ബാലകൃഷ്ണൻ സുഖം പ്രാപിച്ച് വരികയാണ്. മറ്റു രണ്ട് പാപ്പാൻമാരുണ്ടെങ്കിലും ബാലകൃഷ്ണൻ അടുപ്പിക്കാറില്ല. മധുവിനെയാണ് ബാലകൃഷ്ണന് പഥ്യം. മറ്റാരോടും സഹകരിക്കാൻ അവൻ തയ്യാറല്ല. 

ഈ സാഹചര്യത്തിൽ ആനയോട് ഇണക്കമുള്ള മധുവിനെ ധൃതിപിടിച്ച് സ്ഥലം മാറ്റുന്നത് ബാലകൃഷ്ണന് ദോഷകരമാകുമെന്ന് ഭക്തരും ബാലകൃഷ്ണന്റെ ആരാധകരും പറയുന്നു. മധുവിന് പകരം വരുന്ന പാപ്പാനുമായി ഇണങ്ങാൻ ബാലകൃഷ്ണൻ സമയമെടുക്കും. ആനയുടെ സ്വഭാവമനുസരിച്ച് അടുപ്പിക്കാനേ സാദ്ധ്യതയില്ല. ആനയെ മെരുക്കാനായി പാപ്പാൻമാർ അൽപ്പം ഉപദ്രവിക്കുന്നത് പതിവാണ്. പക്ഷെ, ബാലകൃഷ്ണന്റെ ശാരീരികാവസ്ഥയിൽ ചെറിയ തല്ലുപോലും സഹിക്കാനാവില്ല. തലയിലെ മുറിവ് കാരണം വേദനതിന്നുകയാണ് ആന. ഇതെല്ലാം അറിയാമെന്നിരിക്കെ എന്തിനാണ് മധുവിനെ ധൃതിപിടിച്ച് സ്ഥലം മാറ്റുന്നതെന്നാണ് ആനപ്രേമികളുടെ ചോദ്യം.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ