അര്‍ബുദത്തിന് പിന്നാലെ ഇരുട്ടടിയായി പട്ടികജാതി കുടുംബത്തിന് ജപ്‌തി നോട്ടീസ്

Web Desk |  
Published : May 30, 2018, 10:21 PM ISTUpdated : Oct 02, 2018, 06:32 AM IST
അര്‍ബുദത്തിന് പിന്നാലെ ഇരുട്ടടിയായി പട്ടികജാതി കുടുംബത്തിന് ജപ്‌തി നോട്ടീസ്

Synopsis

പട്ടികജാതി കുടുംബത്തിന് ജപ്‌തി നോട്ടീസ്

ആലപ്പുഴ: അര്‍ബുദം സമ്മാനിച്ച വേദനകള്‍ക്ക് മീതേ ഇരുട്ടടിയായി പട്ടികജാതി കുടുംബത്തിന് ജപ്തി നോട്ടീസ്. താമരക്കുളം കിഴക്കേമുറി കൊച്ചുതുണ്ടില്‍ അച്ചുതനും (52) കുടുംബത്തിനുമാണ് ചികിത്സക്ക് പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയില്‍ ജപ്തി നോട്ടീസ് എത്തിയത്. മാവേലിക്കര സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും 2016ലാണ് മൂത്ത മകളുടെ വിവാഹ ആവശ്യത്തിനായി അച്ചുതനും ഭാര്യ ശാന്തിയും ചേര്‍ന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തത്. 

കൃത്യസമയങ്ങളില്‍ തവണകള്‍ മുടക്കം വരാതെ അടച്ചുവരുന്നതിനിടയില്‍ അച്ചുതന്‍ രോഗബാധിതനായി. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടിലായിരുന്ന അച്ചുതനെ ഒരു വര്‍ഷം മുമ്പ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചപ്പോഴാണ് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് കിടപ്പിലായ അച്ചുതനെ ഉദാരമതികളായ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സ നടത്തിയത്. കൂലിപ്പണിക്കാരാനായിരുന്ന അച്ചുതന്‍ കിടപ്പിലായതോടെ ബാങ്കിലെ പണയടവുകള്‍ പൂര്‍ണമായും മുടങ്ങുകയായിരുന്നു. 

ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിന് സഹായത്തിന് ഒരാള്‍ എപ്പോഴും അടുത്തുണ്ടാകണമെന്നതിനാല്‍ ഭാര്യ ശാന്തിക്ക് ഇതോടെ കൂലി പണിക്ക് പോകാന്‍ കഴിയാതെയായി. ഇപ്പോള്‍ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്നതിനിടയിലാണ് ബാങ്കിന്റെ ജപ്തി നോട്ടീസ് കിട്ടിയത്. പതിനഞ്ചു ദിവസത്തിനകം പലിശ സഹിതം 433393 രൂപ അടച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരില്‍ നിന്നും ലഭിച്ച തുച്ചമായ പണം ഉപയോഗിച്ചാണ് പത്ത് സെന്റ് സ്ഥലത്ത് ചെറിയ വീട് വെച്ചത്. വീടിന്റെ പണി പൂര്‍ത്തീകരിക്കാന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തെങ്കിലും പൂര്‍ണമായി അടച്ചു തീര്‍ത്തു. പിന്നീട് മൂത്ത മകളുടെ വിവാഹ ആവശ്യത്തിനായി വായ്പയെടുക്കുകയായിരുന്നു. ഇളയ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനും, അച്ചുതന്റെ തുടര്‍ചികിത്സക്കും പണം കണ്ടെത്താനാവാതെ വലയുന്നതിനിടയിലാണ് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് എത്തിയതെന്ന് ശാന്തി പറയുന്നു.

ആകെയുള്ള വീടും സ്ഥലവും നഷ്ടപ്പെട്ടാല്‍ പ്രായപൂര്‍ത്തിയായ മകളെയും രോഗിയായ ഭര്‍ത്താവിനെയും കൊണ്ട് എവിടേക്ക് പോകുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ശാന്തി.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ