
ഇടുക്കി: തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിയെ പിടികൂടാനെത്തിയ തമിഴ്‌നാട് പൊലീസിനെ ആക്രമിക്കുകയും സംഘം ചേര്‍ന്ന് തടഞ്ഞുവെയ്ക്കുകയും ചെയ്ത കമ്പനി ജീവനക്കാരനെതിരെ ദേവികുളം പൊലീസ് കേസെടുത്തു. കണ്ണന്‍ദേവന്‍ കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ റൈറ്ററായി ജോലിനോക്കുന്ന ജയപ്രകാശ് (45) നെതിരെയാണ് തമിഴ്‌നാട് പൊാലീസിന്റെ പരാതിപ്രകാരം ദേവികുളം പോലീസ് കേസെടുത്തത്.
ജയപ്രകാശിന്റെ ഭാര്യ ചന്ദ്രയുടെ പരാതിയില്‍ തമിഴ്‌നാട് പോലീസീനോടൊപ്പമെത്തിയ തമിഴ്‌സെല്‍വ (42)ത്തിനെതിരെയും കേസുണ്ട്. മണിചെയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ജയപ്രകാശ് തമിഴ്‌നാട്ടില്‍ നിന്ന് ജനുവരി 28ന് തമിഴ്‌സെല്‍വത്തെ തട്ടിക്കൊണ്ടുവരുകയും ഇയാളുടെ അക്കൗണ്ടില്‍ നിന്നും 92000 രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌സെല്‍വം കാണാതെവന്നതോടെ ഭാര്യ മധുര സുലൈമാന്‍ സ്‌റ്റേഷനില്‍ പരാതിനല്‍കി. ഇയാളെ തിരക്കി കേരളത്തിലേക്ക് പുറപ്പെട്ട പൊലീസുകാര്‍ തേനിക്കടുത്തുവെച്ച് തമിഴ്‌സെല്‍വത്തെ കണ്ടുമുട്ടിയതോടുകൂടിയാണ് തട്ടിക്കൊണ്ടുപോകല്‍ പുറത്തായത്.
തുടര്‍ന്ന് ഗൂഡാര്‍വിള എസ്റ്റേറ്റിലെത്തി പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ച് ദേവികുളം പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്‌നാട് പൊലീസാണെന്ന് പറഞ്ഞെങ്കിലും രേഖകള്‍ കൈവശമില്ലാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. രാവിലെ പൊലീസാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ജയപ്രകാശിനെതിരെ കേസെടുത്തത്.