
ഇടുക്കി: കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ആറുമണിക്കൂര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. കഴിഞ്ഞ 24-നാലിനാണ് പഞ്ചായത്ത് സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് സിപിഎം പ്രവത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പഞ്ചായത്ത് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും തടഞ്ഞുവെച്ച് മുറിക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തത്.
പ്രശ്‌നങ്ങളില്‍ പരിഹാരം കാണുമെന്ന് യുഡിഎഫ് പ്രതിനിധികള്‍ അറിയിച്ചെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാതെ സിപിഎം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. പൊലീസ് നോക്കിനില്‍ക്കെ യുഡിഎഫ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചിട്ടും അധിക്യതര്‍ അനങ്ങാപാറ നയമാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേത്യത്വത്തില്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ഡിസിസി പ്രസിന്റ് ഇബ്രാഹീം കുട്ടി കല്ലാറിന്റെ നേത്യത്വത്തില്‍ കൊട്ടാരക്കര-ദിന്‍ഡിഗല്‍ റോഡ് ഇന്നലെ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഇബ്രാഹീംകുട്ടി കല്ലാര്‍ പറഞ്ഞു. പെട്ടന്നുണ്ടായ സമരം സാധരണക്കാരെയും വിനോദസഞ്ചാരികളെയും വലച്ചു. ദേശീയപാത ഉപരോധിത്തില്‍ വിദേശികളടക്കം വലഞ്ഞു.