ദമ്പതികളുടെ ആത്മഹത്യ; സിപിഎം നഗരസഭാ അംഗത്തിനും പൊലീസിനുമെതിരെ ആത്മഹത്യാ കുറിപ്പ്

web desk |  
Published : Jul 05, 2018, 03:06 PM ISTUpdated : Oct 02, 2018, 06:42 AM IST
ദമ്പതികളുടെ ആത്മഹത്യ; സിപിഎം നഗരസഭാ അംഗത്തിനും പൊലീസിനുമെതിരെ ആത്മഹത്യാ കുറിപ്പ്

Synopsis

നഷ്ടപ്പെട്ട 8 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പോലീസ് തങ്ങളെ മര്‍ദ്ദിച്ച് എഴുതിവാങ്ങിച്ചെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. 

കോട്ടയം: ചങ്ങനാശ്ശേരിയിൽ ആത്മഹത്യ ചെയ്ത ദമ്പതികള്‍,  മരണത്തിന് ഉത്തരവാദികള്‍ സിപിഎം നഗരസഭാ അംഗം സജി കുമാറും പൊലിസുമാണെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ചിരുന്നു. വീടുപണിക്കായി സജി കുമാര്‍ വിറ്റ സ്വര്‍ണ്ണത്തിന്‍റെ ഉത്തരവാദിത്തമാണ് തങ്ങളുടെ തലയില്‍ കെട്ടിവച്ചതെന്നാണ് ആരോപണം. പോലീസും സജി കുമാറിനൊപ്പമായിരുന്നെന്നും, നഷ്ടപ്പെട്ട 8 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പോലീസ് തങ്ങളെ മര്‍ദ്ദിച്ച് എഴുതിവാങ്ങിച്ചെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. 

കുറിപ്പെഴുതിയത് സജിയുടെ ഭാര്യ രേഷ്മയാണ്. ആത്മഹത്യയല്ലാതെ തങ്ങളുടെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നും മരണത്തിന് ഉത്തരവാദി സജി കുമാറാണെന്നും കുറിപ്പിലെഴുതി. 12 വര്‍ഷത്തിലേറെയായി സജിയുടെ വീട്ടില്‍ ഭര്‍ത്താവ് സുനില്‍ കുമാര്‍ ജോലി ചെയ്യുന്നു. 600 ഗ്രാം സ്വര്‍ണ്ണം കാണാനില്ലെന്ന് പറഞ്ഞാണ് സജി കുമാര്‍ കേസ് നല്‍കിയത്. ഇതില്‍ 100 ഗ്രാം സ്വര്‍ണ്ണം പലപ്പോഴായി സുനില്‍ കുമാര്‍ സജിയുടെ കൈയില്‍ നിന്നും കൈവശപ്പെടുത്തിയതാണെന്നും രേഷ്മ ആത്മഹത്യാ കുറിപ്പില്‍ എഴുതുന്നു. എന്നാല്‍ ബാക്കി സ്വര്‍ണ്ണം സജി കുമാര്‍ വീടുപണിക്കായി ചെലവഴിക്കുകയായിരുന്നു. 

എന്നാല്‍ എല്ലാം തങ്ങളുടെ കുറ്റമാണെന്ന തരത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്. താലിമാലയും കമ്മലും വിറ്റാണ് വാടക വീട് കണ്ടെത്തിയത്.  അതുകൊണ്ട് തങ്ങള്‍ മരിക്കുന്നു. എന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ആത്മഹത്യാ കുറിപ്പെഴുതിയ ശേഷം ബന്ധുവിനെ വിളിച്ചറിയച്ചതിന് പുറകേയാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സ്വർണ പണിക്കാരനായ സുനിൽ ഒരു വർഷം മുൻപാണ് ചെങ്ങന്നൂർ സ്വദേശിയായ രേഷ്മയെ വിവാഹം കഴിച്ചത്. വാകത്താനത്തെ രണ്ട് മുറിയുള്ള വാടക വീട്ടിലെ കിടപ്പുമുറിയിലാണ് ആത്മഹത്യാക്കുറിപ്പും രണ്ട് മൊബൈല്‍ഫോണുകളും കണ്ടെത്തിയത്. 

എന്നാല്‍ സുനിലിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുണ്ട്. സുനിലിന്‍റെ ശരീരത്ത് ഒടിവോ ചതവോ ഏറ്റിട്ടില്ലെന്നാണ് ചെങ്ങനാശ്ശേരി തഹസിൽദാർ ജിയോ ടി മനോജിന്‍റെ സാന്നിധ്യത്തിൽ നടന്ന ഇൻക്വസ്റ്റ് പരിശോധനയിൽ കണ്ടെത്തിയത്. മർദ്ദനമേറ്റ പാടുകൾ ശരീരത്തിൽ ഒരിടത്തുമില്ല. എന്നാൽ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുംവരെ പൊലീസ് കാത്തിരിക്കുകയാണ്. ആന്തരാവയവങ്ങൾക്ക്  ക്ഷതം ഏറ്റിട്ടുണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ അറിയാനാകൂ. ഇതിടെ ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ മോർച്ചറിക് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് പാലാ ആർഡിഒയെ വിളിച്ച് വരുത്തിയ ശേഷമാണ് പോസ്റ്റ് മോർട്ടം ആരംഭിച്ചത്. 

സംഭവത്തിൽ പോലീസിന് വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ സജി കുമാർ നിഷേധിച്ചു. പൊലീസിന്‍റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. സ്വർണം മോഷ്ടിച്ചെന്ന് ദമ്പതികൾ എഴുതി നൽകിയിരുന്നുവെന്നും സിപിഎം കൗൺസിലർ സജികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷമായിരുന്നു ദമ്പതികളായ സുനിലും രേഷ്മയും ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ചങ്ങനാശ്ശേരി എസ്എൈയെ സ്ഥലംമാറ്റിയിരുന്നു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ