
വയനാട്: നിര്‍ദിഷ്ട വയനാട് മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്ത ഏക്കറുകണക്കിന് ഭൂമിയില്‍ നിന്ന് കാപ്പിക്കുരു മോഷ്ടിച്ചതിന് പിന്നാലെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിനായി ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് ലക്ഷകണക്കിന് രൂപയുടെ വിളകള്‍ മോഷ്ടിച്ചു കടത്തുന്നതായി പരാതി.
തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്‌സ് ടൗണില്‍ റവന്യൂ വകുപ്പ് ഏറ്റെടുത്ത് ആരോഗ്യവകുപ്പിന് കൈമാറിയ 75 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് കാപ്പി, കുരുമുളക്, അടക്ക, തേങ്ങ, തേയില തുടങ്ങിയവ സര്‍ക്കാര്‍ വകുപ്പുകളൊന്നും അറിയാതെ പറിച്ചു കടത്തുന്നത്. കാപ്പി പൂര്‍ണമായും വിളവെടുത്തു. കുരുമുളക് തൊഴിലാളികളെ വച്ച് പട്ടാപ്പകലാണ് പറിച്ചു കൊണ്ടിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും നിലവില്‍ ഭൂമിയുടെ അവകാശികളായ ആരോഗ്യവകുപ്പ് സംഭവം അറിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
റവന്യൂ വകുപ്പ് നടപടി പൂര്‍ത്തിയാക്കി കഴിഞ്ഞ മേയ്മാസത്തിലാണ് ഗ്ലെന്‍ലെവന്‍ എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന ഭൂമി ആരോഗ്യവകുപ്പിന് കൈമാറിയത്. മെഡിക്കല്‍ സെന്റര്‍ തുടങ്ങുന്നത് സംബന്ധിച്ച നടപടികള്‍ അനന്തമായി നീളുകയാണ്. ജില്ലയിലെ പ്രധാന രാഷ്ട്രീയ വിവാദങ്ങളിലൊന്നായി നിര്‍ദിഷ്ട ശ്രീചിത്ര സെന്റര്‍ വാര്‍ത്തകളില്‍ നിറയുന്നതിനിടക്കാണ് ഭൂമിയില്‍ അജ്ഞാതന്റെ വിളവെടുപ്പ് നടക്കുന്നത്.
അതേ സമയം സര്‍ക്കാര്‍ ഭൂമിയെന്ന് കാണിക്കുന്ന ഒരു ബോര്‍ഡ് പോലും സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പോ ജില്ല ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല. ഇതാണ് ഭൂമിക്ക് നാഥനില്ലാത്തതിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
മുന്‍വര്‍ഷങ്ങളിലെ കണക്കുപ്രകാരം ഏകദേശം പത്ത് ലക്ഷത്തിനടുത്ത് രൂപയുടെ വിളകള്‍ ഇവിടെ നിന്ന് കൊണ്ടു പോയിട്ടുണ്ടാകാമെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞു. സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാണിപ്പോള്‍ ഈ തോട്ടം. ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയെന്ന് തിട്ടപ്പെടുത്തി മുന്‍കൂട്ടി ടെന്‍ഡര്‍ നല്‍കിയിരുന്നുവെങ്കില്‍ സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകില്ലായിരുന്നുവെന്നും ആരോപണമുണ്ട്.
എന്നാല്‍ വിളകള്‍ ശേഖരിക്കാന്‍ ആവശ്യമായ നിര്‍ദേശം എ.ഡി.എം നല്‍കിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് സി.പി.ഐ പരാതി നല്‍കി. വയനാട് മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത സ്ഥലത്തെ കാപ്പി മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണം എഡിഎമ്മിന്റെ നേതൃത്വത്തില്‍ പുരോഗമിക്കവെയാണ് മറ്റൊരു മോഷണം കൂടി അധികൃതര്‍ അറിയാതെ നടന്നുവരുന്നത്.