
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ കുറ്റ്യാടിയില്‍ നടത്തിയ ആരോഗ്യ പരിശോധനയില്‍ വന്‍തിരക്ക്. കുറ്റ്യാടി താലൂക്ക് ആശുപത്രിയും ഗ്രാമപഞ്ചായത്തും ചേര്‍ന്നാണ് പരിശോധന സംഘടിപ്പിച്ചത്. ബുധനാഴ്ച രാത്രി എട്ടു മുതല്‍ 10 വരെയായിരുന്നു ക്യാംപ്.
ക്യാംപില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ തിരക്കായിരുന്നു. എല്ലാവരുടെയും പേരും വിവരങ്ങളും രേഖപ്പെടുത്തി രക്തസാംപിളുകള്‍ ശേഖരിക്കാന്‍ ആശുപത്രി ജീവനക്കാര്‍ നന്നെ ബുദ്ധിമുട്ടി. രാത്രി 11 മണിയായിട്ടും രക്തസാംപിളുകള്‍ നല്‍കാന്‍ എത്തിയവരുടെ നിര പുറത്തുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് കുറ്റ്യാടിക്കടുത്ത് കായക്കൊടി പഞ്ചായത്തില്‍ 40ഓളം തൊഴിലാളികളില്‍ മന്ത് അണുബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കുറ്റ്യാടിയില്‍ നിരവധി കെട്ടിടങ്ങളില്‍ ഇവര്‍ താമസിക്കുന്നുണ്ട്. നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ പരിശോധനയ്ക്ക് മുന്‍കൈ എടുക്കുകയായിരുന്നു.
എന്നാല്‍, ബുധനാഴ്ച പരിശോധനയ്ക്ക് എത്തിയവര്‍ കുറ്റ്യാടിയില്‍ താമസിക്കുന്നവരുടെ ചെറിയൊരു ശതമാനമേ വരൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിശോധനയെപ്പറ്റി അറിയാത്തവരും അറിഞ്ഞിട്ടും പരിശോധനയ്ക്ക് എത്താത്തവരും കൂട്ടത്തില്‍ ഉണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തി തുടര്‍ന്നും ക്യാംപ് സംഘടിപ്പക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പരിശോധനാഫലം പുറത്തുവരാന്‍ ഏതാനും ദിവസങ്ങള്‍ എടുക്കും. അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍ വ്യക്തമാക്കി