ക്രിസ്മസ് വിപണി പിടിയ്ക്കാന്‍ കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍; വില മുന്നൂറ് കടന്നു

Published : Dec 18, 2017, 09:46 PM ISTUpdated : Oct 04, 2018, 07:25 PM IST
ക്രിസ്മസ് വിപണി പിടിയ്ക്കാന്‍ കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍; വില മുന്നൂറ് കടന്നു

Synopsis

ആലപ്പുഴ : അവിചാരിതമായെത്തിയ അണുബാധയില്‍ താറാവുകള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ ആലപ്പുഴയിലെ കച്ചവടക്കാര്‍ വിപണി തിരിച്ച് പിടിക്കുന്നു. വര്‍ഷത്തെ ഏറ്റവും മികച്ച സീസണായ 'ക്രിസ്മസ്' ഉഷാറാക്കാനുള്ള തയ്യാറെടുപ്പിലാണ് താറാവ് വിപണി. പത്തുലക്ഷത്തോളം താറാവുകള്‍ തീന്‍മേശ ലക്ഷ്യമാക്കി വിപണിയിലെത്തിക്കഴിഞ്ഞു. 

20ാം തിയതി കഴിഞ്ഞാല്‍ ഉണരുന്ന വിപണി ജനുവരി 15വരെ തുടരും. രണ്ടാഴ്ച മുമ്പ് ബാക്ടീരിയ രോഗബാധമൂലം കുട്ടനാട്, അപ്പര്‍കുട്ടനാട് ഭാഗങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീണിരുന്നു. പക്ഷിപ്പനിയാണെന്ന പ്രചാരണം മൂലം കുട്ടനാട്ടില്‍ ക്രിസ്തുമസ് ലക്ഷ്യമാക്കി താറാവ് കൃഷി നടത്തിയിരുന്ന കര്‍ഷകര്‍ പ്രതിസന്ധിയിലായിരുന്നു. 

എന്നാല്‍ ബാക്ടീരിയമൂലമുണ്ടാകുന്ന രോഗബാധയായ പാസ്റ്ററെല്ല മൂലമാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റ് നടപടികളും അടിയന്തിരമായി സ്വീകരിച്ചതോടെ ബാക്ടീരിയാ ബാധ ഒഴിഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് അപ്രതീക്ഷിതമായി പടര്‍ന്ന് പിടിച്ച പക്ഷിപ്പനിയും കുട്ടനാട്ടിലെ താറാവ് വിപണിയുടെ ശോഭ കെടുത്തിയിരുന്നു. 

കഴിഞ്ഞതവണ നോട്ട് നിരോധനത്തോടനുബന്ധിച്ചുള്ള സാമ്പത്തിക മാന്ദ്യം താറാവ് കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും വന്‍ നഷ്ടമുണ്ടാക്കി. ഇക്കുറി അതെല്ലാം മറികടന്ന് ലാഭം കൊയ്യുകയാണ് കുട്ടനാട്ടിലെ താറാവ് കര്‍ഷകരുടെ ലക്ഷ്യം. 

അഞ്ഞൂറോളം സ്ഥിരം താറാവ് കര്‍ഷകരാണ് ആലപ്പുഴ ജില്ലയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയിലുള്ളവരാണ്. ഇതിനു പുറമെ, ഡിസംബറില്‍ കൂടുതല്‍ താറാവ് വിപണന കേന്ദ്രങ്ങള്‍ തുറക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലും എ.സി റോഡിന്റെ ഇരുവശവും എടത്വ, തിരുവല്ല മേഖലകളിലും , പത്തനംതിട്ട ഭാഗങ്ങളിലും താറാവ് കച്ചവട കേന്ദ്രങ്ങള്‍ ഇതിനകം സജീവമായി തുടങ്ങി. 

തമിഴ്‌നാട്ടില്‍ നിന്നുള്ള താറാവുകള്‍ എത്തുന്നുണ്ടെങ്കിലും കുട്ടനാടന്‍ താറാവുകള്‍ക്കാണ് ഡിമാന്റ്. ചാര, ചെമ്പല്ലി എന്നീ കുട്ടനാടന്‍ ഇനങ്ങള്‍ രുചിയില്‍ മുന്‍പന്തിയിലാണ്. കേരളത്തിന്റെ തനത് താറാവിനങ്ങളായ ഇവ കുട്ടനാട്ടിലെ ഭൂപ്രകൃതിയുമായി ഇണങ്ങി ചേര്‍ന്നവരാണ്.

തൂവലുകളുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയ്ക്ക് പേരുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ തമിഴ്‌നാട്, കര്‍ണ്ണാട, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും താറാവ് ധാരളമായി വളര്‍ത്തുന്നുണ്ട്. അന്യസംസ്ഥാന താറാവുകള്‍ നാടന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. 

നേരത്തെ 300 രൂപയായിരുന്ന താറാവൊന്നിന് കഴിഞ്ഞ ദിവസം വിപണിവില 350രൂപയായി. ക്രിസ്മസ് അടുക്കുന്തോറും വില വര്‍ദ്ധിക്കാനാണ് സാദ്ധ്യത. കഴിഞ്ഞാഴ്ച വരെ 200 മുതല്‍ 300 രൂപവരെയായിരുന്നു ചില്ലറ വില. 100 ദിവസം പ്രായമായ താറാവുകളെയാണു സാധാരണ വിപണിയിലെത്തിക്കുന്നത്.

ഹാച്ചറികളില്‍ താറാവു കുഞ്ഞുങ്ങള്‍ക്കു ക്ഷാമം അനുഭവപ്പെടുന്നതായി കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ കുഞ്ഞിന് 15 രൂപയ്ക്കും സ്വകാര്യ ഹാച്ചറിയില്‍ 21 രൂപയുമാണ് വില.  നെടുമ്പ്രം, ചെന്നിത്തല ഭാഗങ്ങളിലുള്ള സ്വകാര്യ ഹാച്ചറികളില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കയറ്റിക്കൊണ്ടു പോകുന്നത് വെല്ലുവിളിയാണെന്ന് കര്‍ഷകര്‍ പറയുന്നു.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ