മഞ്ഞ് വീഴുന്ന മീശപ്പുലിമലയില്‍ പതിയിരിക്കുന്നത് അപകടം

By Web deskFirst Published Dec 18, 2017, 8:33 PM IST
Highlights

മൂന്നാര്‍ : മീശപ്പുലിമലയില്‍ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ എന്ന ദുല്‍ഖര്‍ സല്‍മാന്റെ ഒറ്റ ചോദ്യത്തോടെ മൂന്നാറിന് നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഈ വിനോദ കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. എന്നാല്‍ എന്തെങ്കിലുമൊരു അപകടമുണ്ടായാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ യാതൊരു വിത സംവിധാനവുമില്ല ഇവിടെ. 

ഒരു ദിവസം മീശപ്പുലി മല കയറാനുള്ള സഞ്ചാരികളുടെ എണ്ണം വനം വകുപ്പ് നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഇവിടേക്ക് വരുന്നത്. കഴിഞ്ഞ ഓണക്കാല അവധിക്ക് പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് മീശപ്പുലിമയിലെത്തിയത്. 

കെ.എഫ്.ഡി.സി മുഖേന മാത്രം പ്രവേശിക്കാന്‍ അനുവാദം ലഭിക്കുന്ന ചെങ്കുത്തായ മലഞ്ചെരിവുകളിലും നിബിഡ വനങ്ങളിലും വിലക്കു ലംഘിച്ച് കാടു കയറുന്നവര്‍ ഏറെയാണ്. പലപ്പോഴും ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. അനധികൃതമായി പ്രവേശിക്കുന്ന സന്ദര്‍ശകരുടെ കണക്ക് അവ്യക്തമായി തുടരുന്നത് അധികൃതരെയും കുഴപ്പത്തിലാക്കുകയാണ്. 

അരുവിക്കാട്, സൈലന്റ് വാലി, സൂര്യനെല്ലി ഭാഗങ്ങളിലൂടെയാണ് കേരളത്തില്‍ നിന്ന് മീശപ്പുലിമലയിലേക്ക് കടക്കാനാവുക. തമിഴ്‌നാട്ടില്‍ നിന്ന് മുന്തല്‍ വഴി കൊരങ്ങണിയിലുള്ള മലയിലൂടെ കയറി എളുപ്പത്തില്‍ ഇവിടെയെത്താന്‍ സാധിക്കുമെന്നതാണ് അനധികൃത സന്ദര്‍ശനത്തിന് ഇടയാക്കുന്നത്. 

കേരളം വനം വികസന കോര്‍പ്പറേഷനിലെ വിരലിലെണ്ണാവുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ കുഴയുന്നത്. ഇവിടെയെത്തുന്ന നൂറുകണക്കിന് സഞ്ചാരികളെ നിയന്ത്രിക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്.

അപകടം സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും വിധത്തിലുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതും അപകടങ്ങളുടെ തീവ്രത കൂട്ടുന്നുണ്ട്.   വിസ്തൃതമായി കിടക്കുന്ന മലനിരകളില്‍ വിവിധ ഭാഗത്ത് എത്തുവരെ നിരീക്ഷിക്കുവാന്‍ പോലും പലപ്പോഴും കഴിയാറില്ല. 

സാഹസിക യാത്ര ഹരമായിയെടുക്കുന്ന യുവാക്കളാണ് അപകടങ്ങളില്‍ പെടുന്നവരില്‍ കൂടുതലും. അത്യന്തം അപകടം നിറഞ്ഞ ഈ പ്രദേശങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ അത് പുറം പോലും അറിഞ്ഞേക്കില്ല.    

അതിമനോഹരമായ പ്രദേശമായ മീശപ്പുലിമല സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കൃത്യമായി പരിമിതപ്പെടുത്തുകയും ശക്തമായ നിരീക്ഷണവും പ്രാഥമിക ചികിത്സയ്ക്കായുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായി മാറിയിരിക്കുകയാണ്.

click me!