വയനാട്ടില്‍ വൈദ്യുതി മുടക്കം പതിവ്: ഓണ്‍ലൈന്‍ സേവനങ്ങള്‍ താളംതെറ്റുന്നു

Web Desk |  
Published : May 31, 2018, 07:26 PM ISTUpdated : Jun 29, 2018, 04:11 PM IST
വയനാട്ടില്‍ വൈദ്യുതി മുടക്കം പതിവ്: ഓണ്‍ലൈന്‍ സേവനങ്ങള്‍ താളംതെറ്റുന്നു

Synopsis

കഴിഞ്ഞ മാസംമുതല്‍ വയനാട്ടില്‍ നിരന്തരം വൈദ്യുതി മുടങ്ങുന്നു

വയനാട്: വൈദ്യുതി മുടക്കം പതിവായ ജില്ലയില്‍ മാനന്തവാടി താലൂക്ക് ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനം താളംതെറ്റുന്നു. സെര്‍വര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് യു.പി.എസ് സംവിധാനം പല ഓഫീസുകളിലും ഇല്ല. ഇത് മൂലം ഓണ്‍ലൈന്‍ സേവനങ്ങള്‍ മുടങ്ങുന്നുവെന്നാണ് പരാതി. മാനന്തവാടി സിവില്‍ സ്റ്റേഷനിലെ കേന്ദ്രീകൃത സെര്‍വറില്‍ നിന്നാണ് ട്രഷറികള്‍, വില്ലേജ് ഓഫീസുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക് ഉള്ളത്. 

കഴിഞ്ഞ മാസംമുതല്‍ വയനാട്ടില്‍ നിരന്തരം വൈദ്യുതി മുടങ്ങുകയാണ്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെയാണ് ദിവസവും പത്തിലധികം തവണ വൈദ്യുതി പോകുന്നത്. യു.പി.എസ് പോലുള്ള സംവിധാനങ്ങളൊന്നും ജില്ലയില്‍ ഭൂരിപക്ഷം ഓഫീസുകളില്‍ ആയിട്ടില്ല. യു.പി.എസ് സിസ്റ്റം ഉള്ളിടത്താകട്ടെ ഇവ തകരാറിലുമാണ്. ഇവയുടെ അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്തിരിക്കുന്നത് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ്. കേടുപാടുകള്‍ പരിഹരിക്കാന്‍ ഇവര്‍ എത്തണമെന്നാണ് അധികൃതരുടെ വിശദീകരണം. 

സെര്‍വറില്‍ വൈദ്യുതി ഇല്ലാതാകുന്നതോടെ മുഴുവന്‍ കമ്പ്യൂട്ടറുകളിലെയും നെറ്റ് വര്‍ക്കുകള്‍ തകരാറിലാകും. സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസുകള്‍, ട്രഷറി എന്നിവയുമായുള്ള ബന്ധം നിലയ്ക്കുന്നതോടെ മുഴുവന്‍ സേവനങ്ങളും മുടങ്ങും. അതേസമയം അധ്യായന വര്‍ഷാരംഭമായതിനാല്‍ നിരവധി പേരാണ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഓഫീസുകളിലെത്തുന്നത്. 

ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് സെര്‍വറിലെ വൈദ്യുതി മുടക്കം ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും പക്ഷേ അധികൃതര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈനായാണ് ലഭിക്കുന്നത്. നികുതി അടവ് പോലും ഓണ്‍ലൈനായ കാലത്താണ് അധികൃതരുടെ അനാസ്ഥ കാരണം ജനം ദുരിതത്തിലായിരിക്കുന്നത്. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ