
ഇടുക്കി: മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച് ചെറുതോണിയില്‍ നടന്നുവരുന്ന നിറവ് 2018ന്റെ വേദിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച 'കാലിടറാതെ കാവലാളാകാം' എന്ന നാടകം ഏറെ ശ്രദ്ധേയമായി. ചിരിയും ചിന്തയും ഒരുപോലെ ഉണര്‍ത്തി പ്രേക്ഷകശ്രദ്ധ പിടച്ചുപറ്റാന്‍ നാടകത്തിനു സാധിച്ചു. ജോലിക്കിടയിലും സാമൂഹ്യപ്രതിബദ്ധതയോടെ നാടകവേദികളില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ നാല്‍പതാമത്തെ വേദിയിലാണ് ഇക്കുറി നാടകം അവതരിപ്പിച്ചത്.
ലഹരിക്കടിമപ്പെടുന്ന കുടുംബങ്ങളെ പ്രമേയമാക്കി അവതരിപ്പിക്കുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് എന്‍ എന്‍ സന്തോഷ് വഴിത്തലയാണ്. എക്‌സൈസ് ഉദ്യോഗസ്ഥരായ പ്രദീഷ് സി എം, ബിനീഷ് എന്നിവര്‍ ചേര്‍ന്നാണ് നാടകത്തിനു പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഉടുമ്പന്‍ചോല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ബി ബിനുവിന്റെ നേതൃത്വത്തിലുള്ള പത്തോളം ഉദ്യോഗസ്ഥരുടെ ശ്രമഫലമായാണ് നാടകം അരങ്ങിലെത്തിയത്.
എട്ടുപേരാണ് നാടകത്തില്‍ വേഷമിടുന്നത്. എക്സൈസ് ഉദ്യോഗസ്ഥരായ സാഗര്‍, കെ ആര്‍ സത്യന്‍, സെബാസ്റ്റിയന്‍ പി എ, ഷനേജ് കെ, ഷിജു പി കെ, അഗസ്റ്റ്യന്‍ ജോസഫ്, മുഹമ്മദ് റിയാസ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരോരുത്തരും മൂന്നുവേഷങ്ങളില്‍ വേദിയില്‍ എത്തുന്നു. എട്ടു രംഗങ്ങളിലൂടെ പുരോഗമിക്കുന്ന നാടകം ലഹരി വിരുദ്ധ സന്ദേശമാണ് നല്‍കുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൂടുതല്‍ കലാ-സാസ്‌കാരിക പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് ജില്ലാഭരണകൂടം.