
ഇടുക്കി: അടിവസ്‌ത്രത്തില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ രണ്ട് പേര്‍ ഇടുക്കിയില്‍ പിടിയിലായി. എറണാകുളം അങ്കമാലി സ്വദേശികളായ യുവാക്കളെയാണ് ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടിയത്. പ്രതികളുടെ കൈയില്‍ നിന്നും 1.120 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് അങ്കമാലി സ്വദേശികളായ മിഥുന്‍ (27), സിറിള്‍ (19) എന്നിവര്‍ പിടിയിലായത്. കമ്പത്തു നിന്നും 10,000 രൂപയ്‌ക്ക് വാങ്ങിയ കഞ്ചാവ് എറണാകുളത്ത് എത്തിച്ച് ചെറുപൊതികളാക്കി 500 രൂപ നിരക്കില്‍ ചില്ലറ വില്‍പ്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം. അടിവസ്‌ത്രത്തിനുള്ളില്‍ ശരീരത്തോട് ചേര്‍ത്ത് ഒട്ടിച്ച് വെച്ചും ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ചുമാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. മുന്‍പും നിരവധി തവണ കഞ്ചാവ് കടത്തിയിരുന്നതായി പ്രതികള്‍ പറഞ്ഞു.
ഉടുമ്പന്‍ചോല റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി, ഉദ്യോഗസ്ഥരായ ജോര്‍ജ്, തോമസ്, രാജന്‍, രാധാകൃഷ്ണന്‍, രതീഷ്കുമാര്‍, റോജിന്‍, അഗസ്റ്റിന്‍, ഷിബു, സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.