
തിരുവനന്തപുരം: എ ടി എം കൗണ്ടറിനുള്ളിൽ നിന്ന് കളഞ്ഞുകിട്ടിയ പേഴ്സ് തിരികെ നൽകി യുവാവ് മാതൃകയായി. വെങ്ങാനൂർ ചിറത്തലവിളാകം നന്ദനത്തിൽ ജിഷ്ണുവാണ് എടിഎം കൗണ്ടറില്‍നിന്ന് ലഭിച്ച പേഴ്സ് തിരിച്ച് നല്‍കിയത്. ഇന്നലെ രാവിലെ കോട്ടപ്പുറം കരിമ്പള്ളിക്കര ഫ്രാങ്കോ ഭവനിൽ ലിജു വിഴിഞ്ഞം വിജയാ ബാങ്കിലെ എ ടി എം കൗണ്ടറിനുള്ളിൽ നിന്ന് പണം പിൻവലിക്കാനെത്തിയപ്പോഴാണ് പേഴ്സ് എ ടി എം മെഷീന് മുകളിൽ വച്ച് എടുക്കാൻ മറന്നു പോയത്.
ഇതിന് ശേഷം പണം പിൻവലിക്കാനെത്തിയ ജിഷ്ണുവിന് പേഴ്സ് ലഭിക്കുകയും ഉടൻതന്നെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. പേഴ്സ് പൊലീസ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ 9750 രൂപയും രണ്ട് എ ടി എം കാർഡുകളും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. രേഖകളുടെ സഹായത്താൽ വിവരം പേഴ്സിന്റെ ഉടമസ്ഥനായ ലിജുവിനെ അറിയിക്കുകയും വിഴിഞ്ഞം പൊലീസ് എസ്.എച്ച്. ഒ എൻ. ഷിബുവിന്റെ സാന്നിധ്യത്തിൽ പേഴ്സ് കൈമാറുകയുമായിരുന്നു. പേഴ്സ് തിരിച്ച് നല്‍കി മാതൃകയായ ജിഷ്ണുവിനെ വിഴിഞ്ഞം പൊലീസ് അഭിനന്ദിച്ചു.