
ഇടുക്കി: സന്ദര്‍ശകരുമായെത്തിയ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറെ യുവാക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിച്ച കോട്ടേജുടമകള്‍ക്ക് വെട്ടേറ്റു. മൂന്നാര്‍ നയടാര്‍ റോഡില്‍ കോട്ടേജ് നടത്തുന്ന സെല്‍വകുമാര്‍ (30), മനോജ് (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ബോണ്ടാ കുമാറെന്നുവിളിക്കുന്ന മണി(26), സ്റ്റീഫന്‍ (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.
ബൈക്കിലെത്തിയ യുവാക്കള്‍ക്ക് സഞ്ചാരികളുമായെത്തിയ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ സൈഡ് നല്‍കാതിരുന്നതാണ് ആക്രമണത്തിലേക്ക് എത്തിയത്. മൂന്നാര്‍ ടൗണില്‍വെച്ച് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഡ്രൈവര്‍ വാഹനവുമായി കോട്ടേജില്‍ പ്രവേശിക്കുകയും ചെയ്തു.
ടാക്സിയെ പിന്‍തുടര്‍ന്നെത്തിയ മണിയും സ്റ്റീഫനും ഡ്രൈവര്‍ ബിബിന്‍ മോഹനെ (30) നെ കോട്ടേജിന് പുറത്തിട്ട് മര്‍ദ്ദിച്ചു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കവെ കോട്ടേജുടമകളെ യുവാക്കള്‍ ബൈക്കില്‍ കരുതിയുന്ന വെട്ടുകത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കും തലയ്ക്കാണ് വെട്ടേറ്റത്. ഇവര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.