വായ്‌പാകുടിശിക; വീട് ജപ്‌തി ചെയ്ത് ന്യൂജനറേഷന്‍ ബാങ്ക്

By Web DeskFirst Published Apr 12, 2018, 10:28 PM IST
Highlights
  • ജപ്‌തി ഒഴിവാക്കാന്‍ നാലു ലക്ഷം രൂപ ആവശ്യപ്പെട്ടതായി ഗൃഹനാഥന്‍

ആലപ്പുഴ: വായ്‌പാകുടിശികയുടെ പേരില്‍ പാവപ്പെട്ട ഗൃഹനാഥന്റെ വീട് ജപ്‌തി ചെയ്ത് ബാങ്ക് അധികാരികള്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി മഴുക്കീര്‍ കീഴ്മുറിയില്‍ കുമാര്‍ ഭവനത്തില്‍ സി കെ കൃഷ്ണന്‍കുട്ടി (58) യുടെ വീടാണ് ന്യൂജനറേഷന്‍ ബാങ്കായ മഹീന്ദ്ര ഹോം ഫിനാന്‍സ് ഉദ്യോഗസ്ഥര്‍ പൂട്ടി മുദ്രവച്ചത്. 

ബാങ്കിന്റെ തിരുവല്ല ബ്രാഞ്ചില്‍ നിന്ന് 2016 ജൂലൈയില്‍ 1,29,000 രൂപ വീട് പുതുക്കിപണിയാനായി വായ്‌പയെടുത്തിരുന്നു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭിച്ച വീടിനായിരുന്നു പുനരുദ്ധാരണ വായ്‌പ. മാസം മൂവായിരം രൂപയായിരുന്നു തിരിച്ചടവ്. കൂലിപ്പണിക്കാരായ കൃഷ്ണന്‍കുട്ടിയുടെയും ഭാര്യ കുഞ്ഞുമോള്‍(46), മകന്‍ കൃഷ്ണകുമാര്‍(24) എന്നിവരുടെ പേരിലായിരുന്നു വായ്പ. 

മകന്‍ കൃഷ്ണകുമാര്‍ രോഗബാധിനായതിനായിരുന്നെങ്കിലും പത്തു മാസം കൃത്യമായി ബാങ്കില്‍ തുക അടച്ചിരുന്നു. ഇതിനിടയിലാണ് ഭാര്യ കുഞ്ഞുമോള്‍(46) ക്യാന്‍സര്‍ രോഗബാധിതയായത്. ചികിത്സാ ചിലവുകള്‍ താങ്ങാവുന്നതിലേറെയായപ്പോള്‍ ലോണ്‍ തിരിച്ചടവ് മുടങ്ങി. 2017 ജനുവരിയില്‍ കുഞ്ഞുമോള്‍ മരിച്ചു. ഇരു  കാല്‍മുട്ടുകളുടെയും ബലം ക്ഷയിച്ചതിനാല്‍ കൃഷ്ണന്‍ കുട്ടിക്ക് തുടര്‍ന്ന് ജോലിക്കു പോകാനും കഴിഞ്ഞില്ല.

തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ 2,29,149 രൂപ തിരികെ അടയ്ക്കുവാന്‍ ബാങ്ക് നോട്ടീസ് നല്‍കി. എന്നാല്‍ സാമ്പത്തികമായി തീര്‍ത്തും പരാധീനതയില്‍ ഉള്ളപ്പോള്‍ ജപ്‌തി നടപടിയുണ്ടായി. ജപ്‌തി ഒഴിവാക്കാന്‍ നാലു ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടതായി കൃഷ്ണന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തി വീടിന്റെ കതകുകള്‍ പൂട്ടി മുദ്രവച്ച ശേഷം തിരിച്ചുപോവുകയായിരുന്നു. 

click me!