നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിച്ച് നെയ്യാറ്റിന്‍കര രൂപത; പ്രതിഷേധവുമായി ഒരു വിഭാഗം ഇടവകക്കാര്‍

By എല്‍സ ട്രീസ ജോസ്First Published Jul 23, 2018, 1:29 PM IST
Highlights
  • നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഇമ്മാക്യുലേറ്റ് കണ്‍സെപ്ഷന്‍ പള്ളിയാണ് പൊളിച്ചത്
  • നീക്കത്തിന് പിന്നില്‍ നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പിനും വൈദികരുടേയും സാമ്പത്തിക താല്‍പര്യമാണെന്നും പള്ളി സംരക്ഷണ സമിതി

നെയ്യാറ്റിന്‍കര:  പുരാവസ്ഥ വകുപ്പ് പൊളിക്കരുതെന്ന് നിര്‍ദേശിച്ച പള്ളി പൊളിച്ച് നെയ്യാറ്റിന്‍കര രൂപത. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള  ഇമ്മാക്യുലേറ്റ് കണ്‍സെപ്ഷന്‍ ലത്തീന്‍ പള്ളിയാണ് ഒരു വിഭാഗം വിശ്വാസികളുടെ എതിര്‍പ്പിനെ മറികടന്ന് പൊളിച്ചത്. ബലക്ഷയമില്ലാത്ത പള്ളി പുനരുദ്ധാരണത്തിലൂടെ നിലനിര്‍ത്തണമെന്നായിരുന്നു പള്ളി സംരക്ഷണ സമിതിയുടേയും പുരാവസ്തു വകുപ്പിന്റെയും ആവശ്യം.  

പള്ളി പൊളിച്ച് പുതിയ പള്ളി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഏറെ നാളുകളായി ഇടവകയില്‍ പിരിവ് നടന്ന് വരികയാണെന്നും  ഒരു തകരാറുമില്ലാത്ത പള്ളി പൊളിക്കാനുള്ള നീക്കത്തിന് പിന്നില്‍ നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പിനും വൈദികരുടേയും സാമ്പത്തിക താല്‍പര്യമാണെന്നും പള്ളി സംരക്ഷണ സമിതിഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി.  കുരിശ് തകര്‍ത്തതില്‍ പ്രതിഷേധം നടത്തിയ നെയ്യാറ്റിന്‍കര രൂപത പൗരാണിക പ്രാധാന്യമുള്ള പള്ളി പൊളിക്കുന്നതില്‍ അലംഭാവം കാണിച്ചെന്നാണ് പള്ളി സംരക്ഷണ സമിതി ആരോപിച്ചു.

1905 ല്‍ നിര്‍മിതമായ ഇമ്മാക്യുലേറ്റ് കണ്‍സെപ്ഷന്‍ പള്ളി പൊളിച്ച് പണിയുന്നതിന് രൂപത അനുമതി  കരസ്ഥമാക്കിയത് സത്യാവസ്ഥകള്‍ മറച്ച് വച്ചാണെന്നും പള്ളി സംരക്ഷണ സമിതി വ്യക്തമാക്കുന്നു. പത്ത് വര്‍ഷം മുമ്പാണ് പള്ളി പൊളിച്ച് പണിയാനുള്ള അനുമതി വാങ്ങിയത്. പള്ളിക്ക് ചുറ്റും സെമിത്തേരി സ്ഥിതി ചെയ്യുന്നുവെന്ന വസ്തുത മറച്ച് വച്ചാണ് അനുമതി വാങ്ങിയതെന്നും പള്ളി സംരക്ഷണ സമിതി ആരോപിച്ചു.  ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യത്തെ വിവരം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പള്ളി സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്നുമാണ് ആരോപണം. 

പത്തുവര്‍ഷമായി പള്ളി പണിയാന്‍ ഇടവകയില്‍ നടക്കുന്ന പിരിവില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ പോലും നെയ്യാറ്റിന്‍കര രൂപതാധികാരികള്‍ തയ്യാറായില്ല,  ഇടവക വികാരി പള്ളി പണിയാനായി സ്വരൂപിച്ച പണം സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്നും പള്ളി സംരക്ഷണ സമിതി ആരോപിച്ചു. പള്ളി സംരക്ഷിക്കണമെന്ന ഇടവക ജനങ്ങളുടെ ആവശ്യം ശക്തമായതോടെ, ഇതിനെ അവഗണിച്ച് ഈ വര്‍ഷം ജൂണ്‍ 24 ന്  സമീപത്തുള്ള കുരിശ് പള്ളിയിലേക്ക് ആരാധന മാറ്റിയതായി പള്ളിയില്‍ നിന്ന് അറിയിപ്പുണ്ടായി. ഇതിനെ തുടര്‍ന്നാണ് പള്ളി പൊളിക്കരുതെന്ന ആവശ്യവുമായി പള്ളി സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി പളളി പരിശോധിക്കാന്‍  പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കി. പള്ളി പരിശോധിച്ച പുരാവസ്തു വകുപ്പ്, പള്ളിയുടെ പഴക്കവും വാസ്തുവിദ്യയിലെ മികവും അടിസ്ഥാനമാക്കി തല്‍സ്ഥിതി തുടരണമെന്നും പരിശോധനാ റിപ്പോര്‍ട്ട് വരുന്നത് വരെ പള്ളി പൊളിക്കരുതെന്നും നിര്‍ദേശിച്ചു. ഈ പ്രശ്നത്തിൽ ഇടപെടണമെന്ന്  കളക്ടറേയും സ്ഥലം പോലീസ് സബ് ഇൻസ്പെക്ടറേയും അറിയിച്ചിരുന്നുവെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കുന്നു.

പുരാവസ്തു വകുപ്പിന്റെ നിര്‍ദേശം മറികടന്ന് ഇന്ന് (23-07-2018)  പുലര്‍ച്ചെ ബുള്‍ഡോസറുമായെത്തിയ വൈദികരടക്കമുള്ള സംഘം പള്ളി പൊളിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഒരു വിഭാഗം ഇടവകക്കാര്‍ പള്ളി പൊളിക്കാനുള്ള നീക്കം തടഞ്ഞു. സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ പൊലീസ് എത്തുകയും പള്ളി പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വക്കുകയുമായിരുന്നു. എന്നാല്‍ പുരാവസ്തു വകുപ്പില്‍ നിന്ന് പള്ളി പൊളിക്കരുതെന്ന് തല്‍സ്ഥിതി തുടരണമെന്നും നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് നെയ്യാറ്റിന്‍കര എസ് ഐ  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

പുരാവസ്തു വകുപ്പ് അടക്കമുള്ള വകുപ്പുകളില്‍ നിന്ന് ആവശ്യമായ അനുമതി നേടി, പൊലീസിനെ അറിയിച്ച  ശേഷമാണ് പൊളിക്കാന്‍ തുടങ്ങിയതെന്നുമാണ് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഹൗസ് സംഭവത്തില്‍ പ്രതികരിച്ചത്. അത്യാവശ്യമായി പൊളിച്ച് പണിയേണ്ട അവസ്ഥയിലായിരുന്നു പള്ളിയുണ്ടായിരുന്നതെന്നും നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പ് ഹൗസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി. ഇടവകയിലെ ഒരു ന്യൂനപക്ഷം അനാവശ്യ പ്രശ്നങ്ങള്‍ സംഭവത്തില്‍ ഉണ്ടാക്കുകയാണെന്നാണ് ബിഷപ്പ് ഹൗസ് ആരോപിച്ചു.  

click me!