ജാര്‍ഖണ്ഡ് സ്വദേശിനി ഓട്ടോറിക്ഷയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

First Published Jul 26, 2018, 11:48 AM IST
Highlights

ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടെയാണ് ഇന്നലെ രാവിലെ കമ്പംമെട്ട് കുഴിത്തൊളുവിന് സമീപമാണ് ജാര്‍ഖണ്ഡ് സ്വദേശിനിയായ സരിതാദേവി (35) ഒട്ടോ റിക്ഷയില്‍ പ്രസവിച്ചത്. 

ഇടുക്കി: നെടുങ്കണ്ടത്ത് ജാര്‍ഖണ്ഡ് സ്വദേശിനി ഓട്ടോറിക്ഷയില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടെയാണ് ഇന്നലെ രാവിലെ കമ്പംമെട്ട് കുഴിത്തൊളുവിന് സമീപമാണ് ജാര്‍ഖണ്ഡ് സ്വദേശിനിയായ സരിതാദേവി (35) ഒട്ടോ റിക്ഷയില്‍ പ്രസവിച്ചത്. രണ്ടേകാല്‍ കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. 

നവജാത ശിശുവിന്‍റെ ശിരസ് മാത്രം പുറത്ത് വന്നതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം കുഴിത്തൊളു സാമുഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരെ അറിയിച്ചു. സാമുഹികാരാഗ്യ കേന്ദത്തിലെ ഡോ. വിനിത പി. സൈമണ്‍, നഴ്‌സിംഗ് അസിസ്റ്റന്‍ഡ് ഗീത, പാലിയേറ്റീവ് നഴ്‌സ് പൊന്നമ്മ,റിനിമോള്‍, ജയ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി ഓട്ടോറിക്ഷയില്‍ വെച്ചുതന്നെ  ശിശുവിനെ പുറത്തെടുത്തു.  

അമ്മയക്കും, കുഞ്ഞിനും സാമുഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്‍കി. പാമ്പാടുംപാറ മെഡിക്കല്‍ ഓഫിസര്‍ ഡോ.ബിജു ഫിലിപ്പിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി യുവതിയ്ക്ക് വിദഗ്ദ ചികിത്സ നല്‍കി. കമ്പംമെട്ടിന് സമീപം അന്യാര്‍തൊളുവിലെ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ ജോലികള്‍ക്കായാണ് ജാര്‍ഖണ്ഡ് സ്വദേശിനിയും കുടുംബവും മൂന്ന് ദിവസം മുമ്പ്  അന്യാര്‍തൊളുവിലെത്തിയത്. 

സരിതദേവിയും ഭര്‍ത്താവായ രവിന്ദറും തമിഴ്‌നാട് വാല്‍പ്പാറയില്‍ ചപ്പാത്തി ഫാക്ടറിയിലെ ജോലിക്കാരായിരുന്നു. മൂന്ന് ദിവസം മുമ്പാണ് അന്യാര്‍തൊളുവിലെ ഏലത്തോട്ടത്തില്‍ ഇവര്‍ ജോലിക്കെത്തിയത്. ഇന്നലെ രാവിലെ മുതല്‍ അസ്വസ്ഥതകള്‍ ആരംഭിച്ചിരുന്നതായി കൂടെയുള്ളവര്‍ പറഞ്ഞു. സരിതാദേവിയും, ആണ്‍കുഞ്ഞും നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
 

tags
click me!