
കോഴിക്കോട്: മലയോരമേഖലയിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പീപ്പിള്‍സ് ഫൗണ്ടേഷനും കനിവ് ഗ്രാമവും രംഗത്ത്. കട്ടിപ്പാറമേഖലയിലെ നിര്‍ധനരായ നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകങ്ങളും ബാഗും കുടയും സമ്മാനിച്ചത്. കോഴിക്കോട് ആസ്ഥാനമായുള്ള പീപ്പിള്‍സ് ഫൗണ്ടേഷണന്‍റെ സ്‌കൂള്‍ കിറ്റ് വിതരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന കട്ടിപ്പാറ മേഖലയെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കനിവ് ഗ്രാമത്തിന്‍റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ നടത്തിവരുന്നുണ്ട്. പരിപാടിയുടെ ഭാഗമായി കട്ടിപ്പാറ മേഖലയില്‍നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മിതാവര്‍ഷ, ഹരിശങ്കര്‍, നന്ദന സന്തോഷ്, അലീന ഷാജി, ആന്‍മരിയ, അതുല്‍ ജോര്‍ജ്ജ് എന്നിവരെ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു.
പഠനോപകരണ കിറ്റ് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബേബി രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. ഉന്നത വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വാര്‍ഡ് മെംബര്‍ വത്സല കനകദാസ് വിതരണം ചെയ്തു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിം ഹാജി,എം.എ. യൂസുഫ് ഹാജി , അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. കനിവ് ഗ്രാമം വൈസ് പ്രസിഡന്‍റ് ആര്‍.കെ. അബ്ദുല്‍മജീദ് സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ.ടി. അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.