
വയനാട്: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള കൂടോത്തുമ്മല്‍ സര്‍ക്കാര്‍ ബോയ്‌സ് ഹോസ്റ്റല്‍ ശോച്യാവസ്ഥയില്‍. യഥാസമയം അറ്റകുറ്റപ്പണി നടത്താത്ത കെട്ടിടത്തിലെ കുട്ടികളുടെ താമസം ആശങ്കയേറ്റുന്നതാണ്. എട്ടുവര്‍ഷം മുമ്പാണ് കെട്ടിടത്തിന്റെ തകര്‍ച്ച ആരംഭിച്ചത്. അന്ന് മേല്‍ക്കൂരയില്‍ ചോര്‍ച്ച കണ്ടെങ്കിലും മുകളില്‍ ഷീറ്റിട്ട് അധികൃതര്‍ ഈ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം 30ഓളം ഷീറ്റുകള്‍ കാറ്റില്‍ ഇളകിപോയി. ഇവ മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട് പലതവണ വിദ്യാര്‍ത്ഥികളും മറ്റും അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഇപ്പോഴും പഴയ സ്ഥിതി തന്നെയാണ്. കെട്ടിടം പെയിന്റടിച്ചിട്ടുപോലും വര്‍ഷം അഞ്ചുകഴിഞ്ഞെന്നാണ് ഹോസ്റ്റല്‍ ജീവനക്കാര്‍ പറയുന്നത്. ചുറ്റുമതില്‍ മിക്കയിടങ്ങളിലും പൊളിഞ്ഞുവീണിട്ടുണ്ട്. ജനാലകളില്‍ പകുതിയും പൊളിഞ്ഞുവീണു. ഇതിലൂടെ കനത്ത മഴയില്‍ വെള്ളം ഉള്ളിലേക്കെത്തുന്നുണ്ട്.
ഇത്തവണയെങ്കിലും കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തുമെന്ന് വിദ്യാര്‍ത്ഥികളും ജീവനക്കാരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. കണിയാമ്പറ്റ ട്രൈബല്‍ എക്‌സന്‍ഷന്‍ ഓഫീസിന് കീഴിലാണ് കൂടോത്തുമ്മല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. 1980 ല്‍ താല്‍ക്കാലിക കെട്ടിടത്തിലായിരുന്നു തുടക്കം. 12 വര്‍ഷത്തിന് ശേഷമാണ് ഇന്നത്തെ നിലയിലുള്ള കെട്ടിടം പണിതത്. രണ്ടുനില ഹോസ്റ്റലില്‍ മൂന്ന് ഡോര്‍മിറ്ററികളിലായി 55 കുട്ടികളാണ് താമസിക്കുന്നത്.