
വയനാട്: പനമരം പുഴയ്ക്ക് കുറുകെയുള്ള മാതോത്തുപൊയില്‍ തൂക്കുപാലം അപകടാവസ്ഥയില്‍. മഴ ശക്തമായി പുഴയിലെ ഒഴുക്ക് വര്‍ധിച്ചതോടെ 10 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിലൂടെയുള്ള യാത്ര ആശങ്കപ്പെടുത്തുകയാണ്. സ്ഥാപിച്ച് ഇതുവരെ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പാലത്തിന്റെ കൈവരിയോടനുബന്ധിച്ചുള്ള ഇരുമ്പുവേലി മിക്കതും ഇളകി കിടക്കുകയാണ്. സുക്ഷിച്ച് യാത്ര ചെയ്തില്ലെങ്കില്‍ പുഴയില്‍ വീഴാനുള്ള സാധ്യതയേറെയാണ്.
ഇരുമ്പ് വടം ബന്ധിപ്പിച്ച കമ്പികളും തുരമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയാല്‍ പോലും പാലത്തിന് ആയുസ് കുറവായിരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. യാത്ര ചെയ്യുന്നതിന് പുറമെ പാലത്തില്‍ നിന്ന് പ്രകൃതി സൗന്ദര്യ ആസ്വാദിക്കാനെത്തുന്നവരും ഏറെയാണ്. നിരവധി കുട്ടികള്‍ക്ക് ഈ പാലം കടന്നുവേണം സ്‌കൂളിലെത്താന്‍. പഞ്ചായത്താണ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത്. എന്നാല്‍ ഭരണമാറ്റം ഉണ്ടായിട്ടും പാലത്തിനെ ഗൗനിക്കാതിരിക്കുകയാണ് അധികൃതരെന്ന് ജനങ്ങള്‍ പറയുന്നു.