
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും എല്‍ഡിഎഫ് - യുഡിഎഫ് സംഘര്‍ഷം. സംഭവത്തെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരി നഗരസഭ ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
ഇതിനിടെ ബൈക്ക് കടത്തിവിടാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ബൈക്ക് യാത്രികര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകരാണ് സംഘര്‍ഷം തുടങ്ങിവെച്ചത്. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയതോടെ സംഘര്‍ഷം നഗരസഭയുടെ മുമ്പില്‍ നിന്ന് നഗരത്തിലേക്ക് വ്യാപിച്ചു.
അതേ സമയം മാര്‍ച്ചിനിടയിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തള്ളിക്കയറിയതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് യുഡിഎഫിന്റെ ആരോപണം. എന്നാല്‍ മാര്‍ച്ചിനെത്തിയവര്‍ കാരണമില്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സംഭവത്തില്‍ പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നുവെന്ന് ആരോപിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.