സിപിഎം അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് അവിശ്വാസം പാസായി

Published : Jan 31, 2018, 12:18 PM ISTUpdated : Oct 04, 2018, 10:26 PM IST
സിപിഎം അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് അവിശ്വാസം പാസായി

Synopsis

വയനാട്: പുല്‍പ്പള്ളിക്കടുത്ത് മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎം അംഗത്തെിന്റെ പിന്തുണയോടെ വിജയിച്ചു. സിപിഎമ്മിലെ നിഷ ശശിക്കെതിരെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 

മുസ്ലീം ലീഗിലെ മുനീര്‍ ആച്ചിക്കുളം കൊണ്ടുവന്ന പ്രമേയം ചര്‍ച്ചക്കെടുത്തപ്പോള്‍ സിപിഎമ്മിലെ മറ്റൊരു സ്ഥിരംസമിതി അധ്യക്ഷയായ ബിന്ദു ബിജു യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടുവീതം സ്ഥിരംസമിതി അധ്യക്ഷന്മാരാണുള്ളത്.

18 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഒമ്പതും മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ അംഗങ്ങളും വീതമാണുള്ളത്. സിപിഎമ്മിന് ആറ് അംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതിലൊരാള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയിലേക്ക് കൂറുമാറിയിരുന്നു.

പ്രദേശത്ത് സിപിഎമ്മിനുള്ളില്‍ തന്നെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് യുഡിഎഫ് മുതലെടുത്തത്. അവിശ്വാസം കൊണ്ടുവരുന്നതിന് മുന്നോടിയായി സിപിഎമ്മിലെ ഒരുവിഭാഗവുമായി യുഡിഎഫ് നേതൃത്വം നേരത്തെ ധാരണയിലെത്തിയിരുന്നുവെന്നാണ് സൂചന. എന്നാല്‍ ഈ നീക്കം പ്രതിരോധിക്കാന്‍ സിപിഎമ്മനുള്ളില്‍ ശ്രമം നടന്നതുമില്ല.

പാര്‍ട്ടി ചുമതല മേല്‍ഘടകങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ലോക്കല്‍ സമ്മേളനങ്ങളിലാണ് വിഭാഗീയത ശക്തമായത്. സമ്മേളനകാലത്തെ പാര്‍ട്ടിപരിപാടികളിലും പ്രകടനങ്ങളിലും പഞ്ചായത്ത് അംഗങ്ങള്‍ പോലും സഹകരിക്കാതെ മാറി നിന്നത് ഇതിന് തെളിവായി.

അതേ സമയം ബ്രാഞ്ച് അംഗം കൂടിയായ ബിന്ദു ബിജുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായാണ് സൂചന. പഞ്ചായത്തിലെ പുതിയ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ